കൊച്ചി: സോഷ്യൽ മീഡിയയിലെ വിഡിയോ ആപ്ലിക്കേഷനായ ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സമാനമായ കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് കരട് നിയമം തയാറാക്കി വരികയാണന്നും അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മുന്നാഴ്ചക്കകം കേന്ദ്ര സർക്കാർ വിശദീകരണം നൽകണം.
ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ളൂർ ലോ സ്കുളിലെ വിദ്യാർത്ഥിനിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളികാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോൽസാഹിപ്പിക്കുന്നതാണന്നും ഹർജിയിൽ പറയുന്നു.2013 ൽ റഷ്യയിൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം പ്രേക്ഷകരുണ്ടന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തനമെന്നും സർക്കാരിന് നിയന്ത്രണമില്ലന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ലന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ,വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലിസ് മേധാവി, സൈബർ ഡോം എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഹർജി മുന്നാഴ്ചകഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും.
Read Here: ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി