ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും കാം സ്‌കാനർ ആപ്ലിക്കേഷൻ നീക്കി. അഡ്വൈർടൈസിങ് മാൽവെയറുകൾ (കമ്പ്യൂട്ടറുകൾക്ക് തകരാറുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വൈറസുകള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ പ്രോഗ്രാമുകളെ പൊതുവേ വിളിക്കുന്ന പേരാണ്‌ മാല്‍വെയര്‍) ആപ്പിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. സ്മാര്‍ട്‌ഫോണുകളില്‍ നിന്നും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന ആപ്പാണ് കാം സ്‌കാനര്‍.

സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പർസ്കീ ആണ് ആപ്പിലെ മാൽവെയർ സാന്നിധ്യം കണ്ടെത്തി ഗൂഗിളിന് റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ ഗൂഗിൾ നടപടിയെടുത്തു. കാം സ്‌കാനറിന്റെ പുതിയ വെർഷനുകളിലാണ് ട്രോജൻ ഡ്രോപ്പർ എന്ന പേരിലുളള മാൽവെയർ കണ്ടെത്തിയത്. ഇവ അനധികൃതമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോക്താക്കളെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കാസ്‌പര്‍സ്‌കീ കണ്ടെത്തിയത്.

Read Also: ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഇനി ആപ്പിലൂടെ സ്വർണവും വാങ്ങാം

പഴയ ആപ്പിൽ മാൽവെയർ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അപ്ഡേറ്റ് ചെയ്തപ്പോഴാണ് ഇവ കടന്നുകൂടിയതെന്നും കാസ്‌പർസ്കീ പറയുന്നു. നേരത്തെ ചൈനീസ് സ്മാര്‍ട്‌ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തുവന്ന ആപ്ലിക്കേഷനുകളില്‍ Trojan-Dropper.AndroidOS.Necro.n എന്ന മാല്‍വെയര്‍ കണ്ടെത്തിയിരുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഏകദേശം 10 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനാണ് കാം സ്‌കാനര്‍. മാൽവെയർ സാന്നിധ്യം റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പ്ലേ സ്റ്റോറിൽനിന്നും ഗൂഗിൾ ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. പ്ലേ സ്റ്റോറിൽ ആപ് ഇതുവരെ തിരികെയെത്തിയിട്ടില്ല. എന്നാൽ സ്കാനറിന്റെ പഴയ വെർഷനുകളായ CamScanner HD, CamScanner (License) എന്നിവ ഇപ്പോഴും പ്ലേ സ്റ്റോറിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook