/indian-express-malayalam/media/media_files/uploads/2018/03/aircel-IN28AIRCEL-1.jpg)
മുംബൈ: കോടീശ്വരനായ അനന്തകൃഷ്ണന്‍ നടത്തിപോരുന്ന എയര്‍സെല്‍ ലിമിറ്റഡ്, എയര്‍സെല്‍ സെല്ലുലാര്‍ ലിമിറ്റഡ്, ഡിഷ്നെറ്റ് വയര്‍ലസ് ലിമിറ്റഡ് എന്നീ കമ്പനികള്‍ പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്തതോടെ ഉപഭോക്താക്കളെ വലയ്ക്കരുതെന്ന് കമ്പനിക്ക് ട്രായ് (ടെലിംകോം റെഗുലേറ്ററി അതോറിറ്റി) നിര്‍ദേശം നല്‍കി. ഇതിനായി ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ പോര്‍ട്ട് ചെയ്യാനുളള സൗകര്യം ഒരുക്കണമെന്ന് ട്രായ് നിര്‍ദേശിച്ചു.
നിലവില്‍ ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കമ്പനി സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ബാക്കിയുളള സംസ്ഥാനങ്ങളിലും താമസിയാതെ സര്‍വീസ് നിലയ്ക്കും. ഇതുകൊണ്ട് തന്നെ കോള്‍ ഡ്രോപ്പ് അടക്കമുളള ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്കുളളത്. സര്‍വീസ് നിലവിലില്ലാത്തത് കൊണ്ട് തന്നെ പ്രീപെയ്ഡ്- പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് പോര്‍ട്ട് ചെയ്യാനും സാധിക്കുന്നില്ല.
എന്നാല്‍ 2018 ഏപ്രില്‍ 15 വരെ നിലനില്‍ക്കുന്ന പോര്‍ട്ട് യുപിസി ഉണ്ടാക്കാന്‍ കമ്പനിയോട് ട്രായ് നിര്‍ദേശിച്ചു. പോര്‍ട്ട് ചെയ്യാനായി 'PORT' എന്ന് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് കിട്ടുന്ന മറുപടി സന്ദേശത്തില്‍ നിങ്ങള്‍ക്ക് പോര്‍ട്ട് ചെയ്യണോ എന്ന് ചോദിക്കും. ഇതിന് 'YES' എന്ന് മറുപടി സന്ദേശം അയച്ചാല്‍ യുനീക്ക് പോര്‍ട്ട് കോഡ് ഫോണില്‍ ലഭ്യമാകും. ഈ കോഡുമായി അടുത്തുളള മറ്റ് സര്‍വീസ് സിം കമ്പനികളുടെ ഔട്ട്‌ലെറ്റില്‍ പോയാല്‍ പുതിയ നെറ്റ്‍വര്‍ക്കിലേക്ക് മാറാം. ആധാര്‍ കാര്‍ഡും ഫോട്ടോയും നല്‍കിയാലാണ് പുതിയ സിം ലഭ്യമാകുക.
15,500 കോടിരൂപ കടം ഉണ്ടെന്ന് കാണിച്ചാണ് ഇന്ത്യയിലെ ആറാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍സെല്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ മുന്‍പാകെ പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്തത്. 2017ല്‍ എയര്‍സെല്ലിനെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ലയിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും അത് വിജയംകണ്ടില്ല. അവസാനമായി ടി.അനന്തകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള മലേഷ്യന്‍ കമ്പനിയായ മാക്സിസ് എയര്‍സെല്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ കമ്പനിയുടെ ഓഹരി വില്‍ക്കുവാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കമ്പനി പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്യുന്നത് എന്ന് ദ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറെ സാമ്പത്തിക പിരിമുറുക്കമുള്ള വ്യവസായത്തില്‍ കമ്പനി ഏറെ കഷ്ടപ്പെടുന്നതായി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ സമ്മതിക്കുന്നു. വ്യവസായത്തെ താറുമാറാക്കിക്കൊണ്ട് പുതിയ ചിലരുടെ കടന്നുവരവ്, നിയമപരമായതും നിയന്ത്രണത്തിലുമുള്ള വെല്ലുവിളികൾ, സുസ്ഥിരമായ കടം, ഉയർന്ന നിലയിലുള്ള നഷ്ടങ്ങൾ എന്നിവയാണ് തങ്ങളെ പ്രതികൂലമായി ബാധിച്ചത് എന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ജനുവരിയിലാണ് സേവനം മെച്ചപ്പെടുത്തുന്നതിനായി എയര്‍സെല്‍ സര്‍വീസുകള്‍ ആറ് സര്‍ക്കിളുകളിലേക്ക് ചുരുക്കിയത്. പതിനേഴ് സര്‍ക്കിളുകളിലായി 8.5 കോടി ഉപഭോക്താക്കളാണ് എയര്‍സെല്ലിനുള്ളത് എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.