കൊച്ചി: പ്രമുഖ ബാങ്കായ എച്ച്‌ഡിഎഫ്‌സിയുടെ മൊബൈൽ ബാങ്കിങ് ആപ്പ് തകരാറിനെ തുടർന്ന് പിൻവലിച്ചു. ആപ്പ് പരിഷ്കരിച്ചപ്പോൾ വന്ന പിഴവിനെ തുടർന്നാണ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മൊബൈൽ ബാങ്കിങ് ആപ്പ് പിൻവലിച്ചത്.

ഈയാഴ്ചയാണ് ആപ്പ് പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചത്. എന്നാൽ പുതിയ ആപ്പ് ഉപയോഗിക്കാൻ ശ്രമിച്ച ഉപഭോക്താക്കളെല്ലാം പരാജയപ്പെട്ടു. തൊട്ടുപിന്നാലെ സംഭവം ശ്രദ്ധയിൽ പെട്ട ബാങ്ക്, ആപ്പ് സ്റ്റോറുകളിൽ നിന്ന് മൊബൈൽ ബാങ്കിങ് ആപ്പ് പിൻവലിക്കുകയും ചെയ്തു.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആപ്പിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് പ്രശ്നങ്ങളില്ലാതെ തുടർന്നും മൊബൈൽ ബാങ്ക് സേവനങ്ങൾ ലഭിക്കും. അതേസമയം പഴയ ആപ്പ് ഡിലീറ്റ് ചെയ്ത് പുതിയത് ഉൾപ്പെടുത്തിയവർക്കാണ് ബുദ്ധിമുട്ട് നേരിടുക.

എച്ച്ഡിഎഫ്സിയുടെ മൊബൈൽ ബാങ്കിങ് ആപ്പ് ഒഴികെ മറ്റെല്ലാ ആപ്പുകളും പ്ലേ സ്റ്റോറിൽ ലഭിക്കുന്നുണ്ട്. പരിഷ്കരിച്ച പുതിയ ആപ്പിൽ ഉപഭോക്താക്കൾക്ക് പ്രൊഫൈൽ ചിത്രം ഏർപ്പെടുത്താനും സൗകര്യമുണ്ടായിരുന്നു. ഇതിൽ ഇടപാടുകളുടെ പേരിലും മാറ്റമുണ്ടായിരുന്നു. തകരാർ പരിഹരിച്ച് എന്ന് ആപ്പ് പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook