വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും കമന്റുകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്യമല്ലാതായി മാറിയിട്ടുണ്ട്. ഇത്തരം ഓണ്‍ലൈന്‍ വിദ്വേഷ കമന്റുകളെ കണ്ടുപിടിച്ച് തുരത്താനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം രൂപകല്പന ചെയ്തത്. എന്നാല്‍ അതിനേയും തോല്‍പ്പിക്കുകയാണ് മനുഷ്യന്‍. ഇത്തരം പല മെഷീനുകളുടെയും പോരായ്മകളാണ് ഒരു പഠനത്തിലൂടെ ആള്‍ട്ടോ യൂണിവേഴ്‌സിറ്റി ഫിന്‍ലാന്‍ഡ് കണ്ടെത്തിയിരിക്കുന്നത്.

പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും, സോഷ്യല്‍ മീഡിയകളും ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വ്യാകരണ പിശകുകളോ അക്ഷരപ്പിശകുകളോ ഉണ്ടെങ്കില്‍ ഇത് കണ്ടുപിടിക്കാന്‍ ഈ മെഷീനുകള്‍ക്ക് സാധിക്കുന്നില്ലെന്നാണ് പഠനം പറയുന്നത്. അതിനാല്‍ പലരും വ്യാകരണത്തിലും സ്‌പെല്ലിങ്ങിലും കരുതിക്കൂട്ടി തെറ്റുകള്‍ വരുത്താനും സാധ്യതയുണ്ട്.

എഴുതുന്ന കമന്റുകള്‍ക്കൊപ്പം അക്ഷരങ്ങളോ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കാന്‍ പാകത്തില്‍ മൃദുവായ വാക്കുകളോ ചേര്‍ക്കുമ്പോള്‍ ഇത് കണ്ടു പിടിക്കാന്‍ സാധിക്കുന്നില്ല. അക്ഷരങ്ങള്‍ക്കും വാക്കുള്‍ക്കുമിടയിലെ സ്‌പേസ് കളഞ്ഞാല്‍ ഒരു തരത്തിലും ഇത്തരം കമന്റുകളെ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിന് സാധിക്കുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ചെറിയ അക്ഷരത്തെറ്റുകളിലൂടെ പോലും ഇത് സാധ്യമാകുമെന്നാണ് ഇവരുടെ കണ്ടുപിടിത്തം.

ഉദാഹരണമായി ‘ഐ ഹേറ്റ് യൂ’ എന്നെഴുതുമ്പോള്‍ അതിനൊപ്പം ‘ലവ്’ എന്ന വാക്കുകൂടി ചേര്‍ക്കുകയും ‘ഐ ഹേറ്റ്‌ യൂ ലവ്’ എന്ന് ഒരുമിച്ച് എഴുതുകയും ചെയ്യുകയാണെങ്കില്‍ വളരെ ലളിതമായി കബളിപ്പിക്കാന്‍ സാധിക്കും.

ഇത്തരം സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം രൂപകല്പന ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook