ന്യൂഡൽഹി: ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ആർ.എസ്.ശർമ്മയ്ക്ക് വൻ തിരിച്ചടി. ഇദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങളടക്കം പുറത്തുവിട്ടാണ് ഹാക്കർമാർ മറുപടി നൽകിയത്.
ആധാർ സുരക്ഷിതമാണെന്നും ആധാർ വിവരങ്ങൾ വച്ച് ആർക്കും ആരെയും ഉപദ്രവിക്കാൻ കഴിയില്ലെന്നും ശർമ്മ ‘ ദി പ്രന്റ്.ഇന് (the print.in)-ന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. ഇതോടെ ശർമ്മയുടെ ആധാർ നമ്പർ പുറത്തുവിടാൻ ഒരാൾ വെല്ലുവിളിച്ചു.
വെല്ലുവിളി ഏറ്റെടുത്ത ശർമ്മ, ഹാക്ക് ചെയ്താൽ നിയമ നടപടി സ്വീകരിക്കില്ലെന്നും ഉറപ്പുനൽകി. അധികം താമസിയാതെ തന്നെ ഈ നമ്പറിൽ ബന്ധിപ്പിച്ചിട്ടുളള ഫോൺ നമ്പറുകളും മേൽവിലാസവും ഇ-മെയിൽ ഐഡിയും ജന്മദിനവും വോട്ടർ ഐഡി വിവരങ്ങളും ഹാക്കർമാർ പുറത്തു വിട്ടു.
എന്നാൽ ഇത് ആധാർ രേഖയിൽ നിന്നെടുത്തതല്ലെന്ന് വാദിച്ച് ആർ.എസ്.ശർമ്മ രംഗത്ത് വന്നു. ഇതോടെ ഒരു പടി കൂടി കടന്ന ഹാക്കർമാർ പാൻ കാർഡ് വിവരങ്ങളും പുറത്തുവിട്ടു. ജി-മെയിൽ ഐഡി ഹാക്ക് ചെയ്യാനുളള എല്ലാ ഉപായവും കൈയ്യിലുണ്ടെന്ന് ഹാക്കർമാർ പറഞ്ഞെങ്കിലും ആർ.എസ്.ശർമ്മ ഇതെല്ലാം നിഷേധിച്ചു. തന്റെ വിവരങ്ങൾ ചോർന്നത് ആധാർ വഴിയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ശർമ്മ.