ന്യൂഡൽഹി: ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി  ചെയർമാൻ ആർ.എസ്.ശർമ്മയ്ക്ക് വൻ തിരിച്ചടി. ഇദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങളടക്കം പുറത്തുവിട്ടാണ് ഹാക്കർമാർ മറുപടി നൽകിയത്.

ആധാർ സുരക്ഷിതമാണെന്നും ആധാർ വിവരങ്ങൾ വച്ച് ആർക്കും ആരെയും ഉപദ്രവിക്കാൻ കഴിയില്ലെന്നും ശർമ്മ ‘ ദി പ്രന്‍റ്.ഇന്‍ (the print.in)-ന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. ഇതോടെ ശർമ്മയുടെ ആധാർ നമ്പർ പുറത്തുവിടാൻ ഒരാൾ വെല്ലുവിളിച്ചു.

വെല്ലുവിളി ഏറ്റെടുത്ത ശർമ്മ, ഹാക്ക് ചെയ്താൽ നിയമ നടപടി സ്വീകരിക്കില്ലെന്നും ഉറപ്പുനൽകി. അധികം താമസിയാതെ തന്നെ ഈ നമ്പറിൽ ബന്ധിപ്പിച്ചിട്ടുളള ഫോൺ നമ്പറുകളും മേൽവിലാസവും ഇ-മെയിൽ ഐഡിയും ജന്മദിനവും വോട്ടർ ഐഡി വിവരങ്ങളും ഹാക്കർമാർ പുറത്തു വിട്ടു.

എന്നാൽ ഇത് ആധാർ രേഖയിൽ നിന്നെടുത്തതല്ലെന്ന് വാദിച്ച് ആർ.എസ്.ശർമ്മ രംഗത്ത് വന്നു. ഇതോടെ ഒരു പടി കൂടി കടന്ന ഹാക്കർമാർ പാൻ കാർഡ് വിവരങ്ങളും പുറത്തുവിട്ടു. ജി-മെയിൽ ഐഡി ഹാക്ക് ചെയ്യാനുളള എല്ലാ ഉപായവും കൈയ്യിലുണ്ടെന്ന് ഹാക്കർമാർ പറഞ്ഞെങ്കിലും ആർ.എസ്.ശർമ്മ ഇതെല്ലാം നിഷേധിച്ചു. തന്റെ വിവരങ്ങൾ ചോർന്നത് ആധാർ വഴിയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ശർമ്മ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook