ന്യൂഡൽഹി: ജിഎസ്ടിയുടെ കീഴിലുള്ള എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി കേന്ദ്രസർക്കാർ പുതിയ ആപ്പ് പുറത്തിറക്കി. ജിഎസ്ടി റേറ്റ് ഫൈന്‍ഡർ എന്ന ആപ്ലിക്കേഷനാണ് സർക്കാർ വെള്ളിയാഴ്ച്ച പുറത്തിറക്കിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസാണ് ആപ്പ് തയ്യാറാക്കിയത്.

ജനങ്ങള്‍ക്കും, ഉപഭോക്താക്കള്‍ക്കും, വ്യാപാരികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും എല്ലാം ജിഎസ്ടി നിരക്കുകള്‍ അറിയാന്‍ വേണ്ടിയാണ് ആപ്പ് പുറത്തിറക്കിയതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു. ഓട്ടോമൊബൈൽ, ഷാംപൂ, തേയില തുടങ്ങി 1200ഓളം ഉത്പന്നങ്ങളുടെ നിരക്കുകൾ ആപ്പ് വഴി അറിയാൻ സാധിക്കും. കമ്പോളത്തിലോ ഹോട്ടലുകളിലോ എവിടെയാണെങ്കിലും ഉത്പന്നങ്ങളുയേടും സേവനത്തിന്റേയും ജിഎസ്ടി നിരക്ക് അറിയാന്‍ ആപ്പ് സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ആപ്പ് ലഭ്യമാകുകയെങ്കിലും ഐഒഎസ് പതിപ്പും താമസിയാതെ പുറത്തിറങ്ങുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ജിഎസ്ടി റൈറ്റ് ഫൈന്‍ഡര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഓഫ്ലൈന്‍ മോഡിലും ഉപയോഗിക്കാന്‍ സാധിക്കും. ജൂലൈ ഒന്നിനാണു കേന്ദ്രസർക്കാർ രാജ്യത്തു ചരക്ക് സേവന നികുതി നടപ്പാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ