ന്യൂഡല്‍ഹി: വാതുവെപ്പ്, ചൂതാട്ടം, അനധികൃത വായ്പാ തുടങ്ങിയ സേവനങ്ങള്‍ നല്‍കിയ ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ ഉള്‍പ്പെടെ 232 ആപ്പുകള്‍ നിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായാണ് റിപോര്‍ട്ടുകള്‍. ലോണ്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ വലിയതോതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഐടി മന്ത്രാലമാണ് നടപടി സ്വീകരിക്കുക.
വാതുവെപ്പ്, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന 138 ആപ്പുകള്‍ നിരോധിക്കാന്‍ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അനധികൃത വായ്പാ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 94 ആപ്പുകള്‍ കൂടി നിരോധിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനീസ് ഉള്‍പ്പെടെയുള്ള വിദേശ സ്ഥാപനങ്ങളില്‍ നിന്നാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അവര്‍ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ത്തുകയായിരുന്നു, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ബ്ലോക്ക് ചെയ്ത ആപ്പുകളുടെ പേര് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷവും സമാനമായ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇത്തരം ആപ്പുകള്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു അന്ന് കേന്ദ്രം വ്യക്തമാക്കിയത്.