നമ്മളെ കുറിച്ച് മറ്റുളളവര്‍ക്ക് അറിയാവുന്നതിലും നന്നായി ഗൂഗിളിന് അറിയാമെന്ന് നാം പറയാറുണ്ട്. എന്ത് സംശയമുണ്ടെങ്കിലും ആദ്യം നമ്മള്‍ ചോദിക്കുന്നത് ഗൂഗിളിനോട് ആയി മാറിയത് കൊണ്ട് തന്നെയാണിത്. കൂടാതെ നമ്മുടെ മേല്‍വിലാസം മുതല്‍ ഫോണ്‍ നമ്പര്‍ വരെ ഗൂഗിളിന്റെ കൈയ്യിലുണ്ട്. അതേസമയം നമ്മളൊരു രോഗിയാണെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നും ഗൂഗിള്‍ ഇനി പ്രവചിക്കും.
ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ രോഗം അതിജീവിക്കുമോ, അതോ മരണം വരിക്കുമോ എന്ന് പ്രവചിക്കാനുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാര്‍ഗമാണ് ഗൂഗിളിന്റെ മെഡിക്കല്‍ ബ്രെയിന്‍ വിഭാഗം രൂപീകരിക്കുന്നത്. രണ്ട് വ്യത്യസ്‌ത ആശുപത്രികളില്‍ രോഗികളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഗൂഗിള്‍ ഇത് സംബന്ധിച്ച ആദ്യ പ്രവചനം നടത്തിയത്. ഒരു ആശുപത്രിയിലെ രോഗികളുടെ മരണമോ അതിജീവനമോ പ്രവചിച്ചപ്പോള്‍ 95 ശതമാനം കൃത്യതയാണ് ഉണ്ടായത്. രണ്ടാം ആശുപത്രിയിലെ പ്രവചനത്തില്‍ 93 ശതമാനം കൃത്യമായിരുന്നു.
ആശുപത്രിയില്‍ നിന്നും അതിജീവിക്കാനുളള സാധ്യത എത്രത്തോളമുണ്ട്, വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കാനുളള സാധ്യത, എത്രകാലം ആശുപത്രിയില്‍ കഴിയും, മരിക്കാനുളള സാധ്യത എത്രത്തോളമുണ്ട്, എത്ര ദിവസത്തിനുളളില്‍ മരിച്ചു പോകും എന്നിവയൊക്കെയാണ് ഗൂഗിള്‍ പ്രവചിക്കുന്നത്. അവസാന ഘട്ടത്തില്‍ കണ്ടെത്തിയ സ്‌തനാര്‍ബുദവുമായി ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കേസാണ് ഗൂഗിള്‍ ആദ്യം കൈകാര്യം ചെയ്‌തത്. ചികിത്സയില്‍ കഴിയുമ്പോള്‍ 9.3 ശതമാനം വരെ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്‌ടര്‍മാര്‍ പ്രവചിച്ചത്. അതേസമയം 19.9 ശതമാനം മരണസാധ്യതയാണ് ഗൂഗിള്‍ പ്രവചിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ചികിത്സയില്‍ കഴിയവെ യുവതി മരണപ്പെട്ടു.
സ്വയം പഠിക്കാനും മെച്ചപ്പെടുത്താനും ഉപകാരപ്രദമായ ന്യൂറല്‍ നെറ്റ്‌വര്‍ക്ക്സ് എന്ന എഐ സോഫ്റ്റ്‍വെയറാണ് ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യന് എളുപ്പത്തില്‍ ലഭ്യമാകാത്ത പൂര്‍വ്വകാല ഫയലുകളും റിപ്പോര്‍ട്ടുകളും കണ്ടെത്താനുളള എഐയുടെ കഴിവാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ കാലത്തെ ആരോഗ്യസംബന്ധമായ റെക്കോര്‍ഡുകളും വിവരങ്ങളും എഐ ശേഖരിക്കുകയും ഏകദേശം 95 ശതമാനത്തോളം കൃത്യമായ പ്രവചനം നടത്തുകയും ചെയ്യും. നിലവിലുളള സാങ്കേതികവിദ്യകളേക്കാളും വേഗത്തിലും കൃത്യതയിലും ഗൂഗിള്‍ പ്രവചിക്കുന്നു. ഭാവിയില്‍ ആശുപത്രിയിലും ക്ലിനിക്കുകളിലും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.