ന്യൂഡല്‍ഹി: ഇന്ത്യയിലെ യൂസര്‍മാരെ സര്‍ക്കാര്‍ പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ലക്ഷ്യം വച്ചതായി ഗൂഗിളിന്റെ അഞ്ഞൂറോളം മുന്നറിയിപ്പ്. മൂന്നു മാസത്തിനിടെ ആഗോളതലത്തില്‍ പന്ത്രണ്ടായിരത്തിലേറെ മുന്നറിയിപ്പാണു ഗൂഗിള്‍ നല്‍കിയത്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയതിന്റെ വിവരങ്ങളാണു പുറത്തുവന്നത്. എന്നാല്‍ സര്‍ക്കാരുകള്‍ സ്വന്തം പൗരന്മാര്‍ക്കെതിരേ നടത്തിയതാണോ അതോ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരേ നടത്തിയതാണോ ഈ ആക്രമണങ്ങളെന്നു വ്യക്തമല്ല.

യൂസര്‍മാരുടെ പാസ്‌വേര്‍ഡ് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന ‘ക്രഡന്‍ഷ്യല്‍ ഫിഷിങ് ഇമെയിലു’കള്‍ സംബന്ധിച്ചതാണു ഭൂരിഭാഗം മുന്നറിയിപ്പുകളും. ഉപയോക്താവിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ ആവശ്യപ്പെട്ട് ഗൂഗിളില്‍നിന്ന് അയയ്ക്കുന്നതുപോലുള്ള മെയിലുകള്‍ ഉദാഹരണം. ഇത്തരത്തില്‍ റഷ്യയിലും ദക്ഷിണ കൊറിയയിലും സംഘടിതമായി നടത്തിയ ആക്രമണം കണ്ടെത്തിയതായി ഗൂഗിള്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തുടനീളമുള്ള മാധ്യമ, മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രായേലി ചാരവൈറസായ പെഗസസ് ലക്ഷ്യം വച്ചതായി വാട്‌സാപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണു ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ 121 പേരെയാണു പെഗസസ് ലക്ഷ്യമിട്ടത്.

Read Also: ചോർത്തിയത് 121 ഇന്ത്യക്കാരുടെ വിവരങ്ങൾ, സെപ്റ്റംബറിൽ ഈ വിവരം സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് വാട്സാപ്

50 രാജ്യങ്ങളില്‍ നിന്നായി 270ലേറെ സര്‍ക്കാര്‍ പിന്തുണയുള്ള ഗ്രൂപ്പുകളെ കമ്പനിയുടെ ത്രെട്ട് അനലറ്റിക്സ് ഗ്രൂപ്പ് (ടിഎജി) കണ്ടെത്തിയതായി ഷെയ്ന്‍ ഹണ്ട്‌ലി ഗൂഗിള്‍ ബ്ലോഗില്‍ വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ത്തല്‍, ബൗദ്ധികസ്വത്ത് മോഷണം, വിമതരെയും സാമൂഹ്യപ്രവര്‍ത്തകരെയും ലക്ഷ്യംവയ്ക്കല്‍, വിനാശകരമായ സൈബര്‍ ആക്രമണങ്ങള്‍, തെറ്റായ വിവരങ്ങള്‍ സംഘടിതമായി പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് ഈ സംഘങ്ങളുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇത്തരം ആക്രമണങ്ങളുടെ എണ്ണം 2017, 2018 വര്‍ഷങ്ങളില്‍ സമാനമാണ്.

അമേരിക്ക, കാനഡ, അഫ്ഗാനിസ്താന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണു കൂടുതല്‍ മുന്നറിയിപ്പ് നല്‍കിയത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ രാഷ്ട്രീയ പ്രചാരണങ്ങളെയും ജേണലിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയും ലക്ഷ്യംവയ്ക്കാനുള്ള ശ്രമങ്ങള്‍ തടഞ്ഞതായി 2018ല്‍ ഗൂഗിള്‍ ടിഎജി ബ്ലോഗില്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook