സാൻഫ്രാൻസിസ്കോ: നിങ്ങളുടെ മൊബൈൽ ഫോണിൽ എത്ര ആപ്ലിക്കേഷനുകളുണ്ട്? അതിൽ തന്നെ എത്ര ഗൂഗിൾ ആപ്ലിക്കേഷനുകൾ ഉണ്ട്? അത്ര എളുപ്പത്തിൽ ഓർത്തെടുക്കാനാവുന്നില്ല അല്ലേ? എങ്കിൽ ശ്രദ്ധിക്കണമെന്നാണ് ഏറ്റവും പുതിയ വാർത്ത.

എന്തെന്നാൽ, അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ ഉപഭോക്താക്കളുടെ ചലനങ്ങൾ വിവിധ ആപ്ലിക്കേഷനുകളിലൂടെ ഗൂഗിൾ നിരീക്ഷിക്കുന്നതായി വ്യക്തമായി. സ്വകാര്യത ഉറപ്പുവരുത്താൻ ലൊക്കേഷൻ മറച്ചുവയ്ക്കണം എന്നാവശ്യപ്പെട്ട ഉപഭോക്താക്കളുടെ ചലനങ്ങളടക്കം നിരീക്ഷിക്കപ്പെടുന്നതായാണ് വിവരം.

അസോസിയേറ്റഡ് പ്രസിന്റെ അപേക്ഷ പരിഗണിച്ച് ഇക്കാര്യം പ്രിൻസ്‌ടണിലെ കംപ്യൂട്ടർ സയൻസ് റിസർച്ചർമാർ സ്ഥിരീകരിക്കുകയും ചെയ്‌തു.

ഭൂരിഭാഗം ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതിന് മുന്നോടിയായി ഉപഭോക്താക്കളോട് തങ്ങളുടെ ലൊക്കേഷൻ പങ്കുവയ്ക്കാൻ ഗൂഗിൾ ആവശ്യപ്പെടുന്നുണ്ട്. നാവിഗേഷന് ഉപയോഗിക്കണമെങ്കിൽ ലൊക്കേഷൻ അറിയാൻ അനുവദിക്കണമെന്ന് ഗൂഗിൾ മാപ്‌സ് ആവശ്യപ്പെടുന്നുണ്ട്. ഇതിന് അനുവാദം നൽകുകയാണെങ്കിൽ പിന്നീടങ്ങോട്ട് എല്ലായ്‌പ്പോഴും ഗൂഗിൾ നിങ്ങളുടെ ചലനങ്ങൾ നിരീക്ഷിച്ച് കൊണ്ടേയിരിക്കും.

ഇത് നിങ്ങളുടെ സ്വകാര്യത നേരിടുന്ന വെല്ലുവിളികളാണെന്നാണ് അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കുന്നത്. എന്നാൽ ലൊക്കേഷൻ ഹിസ്റ്ററി എപ്പോൾ വേണമെങ്കിലും ഓഫ് ചെയ്യാമെന്നും പിന്നീട് ലൊക്കേഷൻ അറിയാൻ ആപ്ലിക്കേഷനുകൾക്ക് സാധിക്കില്ലെന്നുമാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാലിത് തെറ്റാണെന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു. ലൊക്കേഷൻ ഹിസ്റ്ററി ഓഫ് ചെയ്ത് വച്ചാലും ഗൂഗിളിന്റെ ചില ആപ്ലിക്കേഷനുകൾ ലൊക്കേഷൻ നിരീക്ഷിക്കുന്നുണ്ട്.

മാപ്‌സ് ആപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ ഗൂഗിൾ ഉപഭോക്താവിന്റെ ചിത്രം സൂക്ഷിക്കുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ. ഇതിലൂടെ ലൊക്കേഷൻ തിരിച്ചറിയുന്നു. കാലാവസ്ഥ റിപ്പോർട്ട് ദിനേന ലഭിക്കുന്നതിനായുളള ആപ്ലിക്കേഷനിലൂടെ ലൊക്കേഷൻ ഗൂഗിൾ മനസിലാക്കുന്നുണ്ട്.

ആൻഡ്രോയ്‌ഡ് ഫോണുകൾ ഉപയോഗിക്കുന്ന ലോകത്തെ രണ്ട് ബില്യൺ ഉപഭോക്താക്കളെയും ബാധിക്കുന്നതാണ് ഈ പ്രശ്നം. അതിന് പുറമെയാണ് ഗൂഗിൾ മാപ്‌സ് പോലുളള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ഐഫോൺ ഉപഭോക്താക്കളും.

ഓരോ ആപ്ലിക്കേഷനിലും ലൊക്കേഷൻ ഹിസ്റ്ററി ഓഫ് ചെയ്യാനും, സംഭരിച്ച് വച്ചിരിക്കുന്ന വിവരങ്ങൾ മായ്ച്ചുകളയാനും സാധിക്കുമെന്നാണ് ഗൂഗിൾ അവരുടെ പത്രക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്. ഗൂഗിൾ ആപ്ലിക്കേഷൻ സെറ്റിങ്സിൽ വെബ് ആന്റ് ആപ് ആക്ടിവിറ്റി എന്നതും “Web and App Activity” ഓഫ് ചെയ്യാം. എന്നാൽ ഇതിലൂടെ ആപ്ലിക്കേഷനിൽ ഒരു വിവരവും പിന്നീട് സേവ് ചെയ്യാൻ പറ്റാതെ വരും. എന്നാൽ ലൊക്കേഷൻ ഹിസ്റ്ററി മാത്രമാണ് ഓഫ് ചെയ്യുന്നതെങ്കിൽ നമ്മൾ എവിടെ എപ്പോൾ ഉണ്ടായിരുന്നുവെന്ന് ഗൂഗിളിന് മനസിലാക്കാൻ സാധിക്കില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ