2021 ജൂൺ 1 മുതൽ ഗൂഗിൾ അവരുടടെ ഓൺലൈൻ സ്റ്റോറേജ് നയത്തിൽ മാറ്റങ്ങൾ വരുത്തുകയാണ്. ഗൂഗിൾ ഫോട്ടോസിൽ ഇനിമുതൽ സൗജന്യ സ്റ്റോറേജ് അനുവദിക്കില്ലെന്ന് കമ്പനി ഇതിനകം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഗൂഗിൾ ഫോട്ടോസിൽ അപ്ലോഡ് ചെയ്ത സാധാരണ റെസല്യൂഷനുകളിലുള്ള ഫൊട്ടോകളെ സ്റ്റോറേജ് പരിധിയിൽ കണക്കാക്കിയിരുന്നില്ല. എന്നാൽ പുതിയ നയം നിലവിൽ വന്നാൽ ഇതിൽ മാറ്റം വരും. 2021 ജൂൺ 1 മുതൽ, ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകളിൽ വളരെയധികം മാറ്റങ്ങൾ വരുത്തേണ്ടിവരും.
ഗൂഗിളിന്റെ സ്റ്റോറേജ് പോളിസിയിൽ എന്ത് മാറ്റമുണ്ടാകുമെന്ന് പരിശോധിക്കാം. ആദ്യം, ഗൂഗിൾ അക്കൗണ്ടുകളും സ്റ്റോറേജും സംബന്ധിച്ച് ഗൂഗിളിന്റെ നിലവിലുള്ള നയം പരിശോധിക്കാം.
ഓരോ ഗൂഗിൾ അക്കൗണ്ടിനും 15ജിബി ഫ്രീ സ്റ്റോറേജാണ് ഗൂഗിൾ നൽകുന്നത്. ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഷീറ്റ്സ്, ഗൂഗിൾ ഡോക്സ് മുതലായ സേവനങ്ങളിലായാണ് ഈ സ്റ്റ്റോറേജ് ലഭിക്കുക.
നിലവിൽ, നിങ്ങൾ സാധാരണ ഉയർന്ന റെസല്യൂഷനിലോ കുറഞ്ഞ റെസല്യൂഷനിലോ ഗൂഗിൾ ഫോട്ടോസിൽ അപ്ലാഡ് ചെയ്യുന്ന ഫോട്ടോകൾ ഈ സ്റ്റോറേജ് പരിധിയിൽ കണക്കാക്കില്ല. അതായത് ആ ചിത്രങ്ങളുടെ ഫയൽ സൈസിനനുസരിച്ചുള്ള സ്പെയിസ് ഗൂഗിൾ നൽകുന്ന 15 ജിബി ക്വാട്ടയിൽ നിന്ന് കുറയില്ല. അതേസമയം, യഥാർത്ഥ റെസല്യൂുഷനിൽ ഫോട്ടോകളും വീഡിയോകളും അപ്ലോഡുചെയ്യുമ്പോൾ അവയ്ക്ക് അനുസൃതമായി സ്റ്റോറേജ് ക്വാട്ടയിൽ കുറവ് വരുകയും ചെയ്യും.
Read More: വാട്സ്ആപ്പ് നിബന്ധനകളിൽ വലിയ മാറ്റം; അംഗീകരിച്ചില്ലെങ്കിൽ പുറത്തുപോവേണ്ടി വരും
ഗൂഗിൾ വൺ പ്രോഗ്രാമിന് കീഴിൽ അധിക സ്റ്റോറേജ് പണമടച്ച് ലഭ്യമാക്കാനുള്ള ഓപ്ഷനുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 210 രൂപയ്ക്ക് 200 ജിബി, പ്രതിമാസം 650 രൂപ അല്ലെങ്കിൽ പ്രതിവർഷം 6500 രൂപ നിരക്കിൽ 2 ടിബി, പ്രതിമാസം 3,250 രൂപയ്ക്ക് 10 ടിബി, പ്രതിമാസം 6,500 രൂപയ്ക്ക് 20 ടിബി തുടങ്ങിയ നിരക്കുകളിൽ ഗൂഗിൾ വൺ സേവനം ലഭ്യനമാണ്.
2021 ജൂൺ 1 മുതൽ ഗൂഗിളിന്റെ സ്റ്റോറേജ് പോളിസിയിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?
ഗൂഗിൾ ഫൊട്ടോസിനെ മാത്രമല്ല മാറ്റങ്ങൾ ബാധിക്കുക. 2021 ജൂൺ 1 ന് ശേഷം, ഗൂഗിൾ ഫൊട്ടോസിലേക്ക് ബാക്കപ്പുചെയ്യുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും സ്റ്റോറേജ് ക്വാട്ടയിൽ കണക്കാക്കും. ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ്, ഡ്രോയിംഗ്സ്, ഫോംസ്, ജാംബോർഡ് എന്നിവ പോലുള്ള അപ്ലിക്കേഷനുകളിൽ സൃഷ്ടിച്ചതോ എഡിറ്റുചെയ്തതോ ആയ ഫയലുകളും ഇത്തരത്തിലാണ് കണക്കാക്കുക.
2021 ജൂൺ 1 ന് ശേഷം സൃഷ്ടിച്ച അല്ലെങ്കിൽ എഡിറ്റുചെയ്ത ഫയലുകൾ മാത്രമേ സ്റ്റോറേജ് ക്വാട്ടയിലേക്ക് കണക്കാക്കൂ എന്നും ഗൂഗിൾ പറയുന്നു. “2021 ജൂൺ 1 ന് മുമ്പ് അപ്ലോഡുചെയ്തതോ അവസാനമായി എഡിറ്റുചെയ്തതോ ആയ ഫയലുകൾ നിങ്ങളുടെ ക്വാട്ടയിലേക്ക് കണക്കാക്കില്ല,” എന്ന് ഇത് സംബന്ധിച്ച പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. ഈ ഇളവ് 2021 ജൂൺ 1 ന് മുമ്പ് അപ്ലോഡ് ചെയ്ത ഫോട്ടോകൾക്കും ബാധകമാണ്.
Read More: ഫെയ്സ്ബുക്ക്, യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം
നിങ്ങളുടെ നിലവിലുള്ള ഗൂഗിൾ ഫോട്ടോകൾ ഗൂഗിളിന്റെ പുതിയ പോളിസി വരുന്നതിന് മുൻപ് അപ്ലോഡ് ചെയ്തതാണ് എന്നതിനാൽ അവ സ്റ്റോറേജ് സ്പെയ്സിൽ കണക്കാക്കില്ല. അതിനാൽ അവ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ടി വരില്ല. പക്ഷേ, 2021 ജൂൺ 1 ന് ശേഷം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് വീഡിയോൾക്കും പുതിയ പോളിസി ബാധകമായിരിക്കും.
പണമടച്ചുള്ള അക്കൗണ്ടായ ഗൂഗിൾ വൺ അക്കൗണ്ട് ഉള്ള ഉപയോക്താക്കൾക്ക് പ്രശ്നമില്ല. എന്നാൽ സൗജന്യ ഗൂഗിൾ അക്കൗണ്ടുള്ളവർ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതുണ്ട്. ഇനാക്ടീവ് (നിഷ്ക്രിയ) അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കവും ഇല്ലാതാക്കും എന്ന് ഗൂഗിൾ പറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അക്കൗണ്ടിലെ സേവനം രണ്ട് വർഷത്തിലധികമായി ഉപയോഗിക്കാതെയിരിക്കുകയാണെങ്കിൽ ആ ഉൽപ്പന്നത്തിലെ ഉള്ളടക്കങ്ങൾ ഇല്ലാതാക്കിയേക്കാം എന്ന് ഗൂഗിൾ പറയുന്നു. ജിമെയിൽ, ഡ്രൈവ്, ഫൊട്ടോസ് പോലുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ, നിങ്ങളുടെ അക്കൗണ്ടിൽ രണ്ട് വർഷമായി നിങ്ങൾ ഗൂഗിൽ ഫൊട്ടോസ് ഉപയോഗിച്ചിട്ടില്ലെങ്കിൽ, കമ്പനി ഉൽപ്പന്നത്തിൽ നിന്ന് കണ്ടെന്റ് ഡിലീറ്റ് ചെയ്യും. എന്നാൽ ഗൂഗിൾ വൺ അംഗങ്ങൾക്ക് അവരുടെ സ്റ്റോറേജ് പരിധിക്കകത്തുള്ള കണ്ടന്റുകളുടെ കാര്യത്തിൽ ഇത് ബാധിക്കില്ലെന്ന് കമ്പനി പറയുന്നു. ഡാറ്റ ഇല്ലാതാക്കുന്നതിനുമുമ്പ് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും ഗൂഗിൾ പറയുന്നു.
Read More: വാട്സാപ്പ് ചാറ്റ് എന്നേക്കുമായി മ്യൂട്ട് ചെയ്യണോ? വഴിയുണ്ട്
വെബിലോ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയോ ഗൂഗിൾ സേവനം സ്ഥിരമായി ഉപയോഗിക്കുക എന്നതാണ് അവ സജീവമായി നിലനിർത്താനുള്ള വഴിയായി ഗൂഗിൾ മുന്നോട്ടുവയ്ക്കുന്നത്. “പ്രവർത്തനം പരിഗണിക്കുന്നത് ഉപകരണത്തിലൂടെയല്ല, അക്കൗണ്ടിലൂടെയാണ്. നിങ്ങൾ സജീവമായി തുടരാൻ ആഗ്രഹിക്കുന്ന എല്ലാ അക്കൗണ്ടുകൾക്കുമായി നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക,” എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
സേവനത്തിൽ നിന്ന് കണ്ടെന്റ് ഇല്ലാതാക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. കണ്ടെന്റ് ഇല്ലാതാക്കിയാലും, ഉപയോക്താവിന് അവരുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ ഉൽപ്പന്നങ്ങളിൽ നിന്ന് എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്യാൻ കഴിയും. takeout.google.com വഴി വിവരങ്ങൾ ആർക്കൈവ് ചെയ്ത് ഡൗൺലോഡ് ചെയ്യാം. ഈ വെബ് വിലാസത്തിൽ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനുകളും അതിനു സഹായിക്കുന്ന ഘട്ടം ഘട്ടമായുള്ള നിർദേശങ്ങളും ലഭ്യമാണ്.