scorecardresearch
Latest News

ഫാസ്ടാഗ് സ്വന്തമാക്കാം ബാങ്കിൽ പോകാതെ; ഗൂഗിൾ പേയുമായി കൈകോർത്ത് ഐസിഐസിഐ

ടോൾ പ്ലാസകളിൽ 2021 ജനുവരി 1 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്

ഫാസ്ടാഗ് സ്വന്തമാക്കാം ബാങ്കിൽ പോകാതെ; ഗൂഗിൾ പേയുമായി കൈകോർത്ത് ഐസിഐസിഐ

രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഐസിഐസിഎയുമായി കൈകോർത്ത് ഗൂഗിൾ പേ ആപ്ലിക്കേഷനിലൂടെ ഫാസ്ടാഗ് ലഭ്യമാക്കുന്നു. നിലവിൽ ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിലൂടെ ഫാസ്ടാഗ് റീച്ചാർജ് മാത്രമാണ് സാധ്യമാകുന്നത്. എന്നാൽ ഇനി മുതൽ ഫാസ്ടാഗ് സ്വന്തമാക്കാനും റീച്ചാർജ് ചെയ്യാനും സാധിക്കും.

ടോൾ പ്ലാസകളിൽ 2021 ജനുവരി 1 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൂഗിൾ പേയുമായി ചേർന്ന് ഐസിഐസിഐ ബാങ്ക് ഇത്തരമൊരു സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പേടിഎം വഴി ഫാസ്ടാഗ് സേവനങ്ങളെല്ലാം ലഭ്യമാണ്. പേടിഎമ്മിന് ഒരു എതിരാളി എന്ന നിലയ്ക്കാണ് ഐസിഐസിഐ-ഗൂഗിൾ പേ കൂട്ടുകെട്ട് എത്തുന്നത്.

എന്താണ് ഫാസ്ടാഗ് ?

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ് . ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ ആര്‍എഫ്ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.

ഗൂഗിൾ പേ വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം?

1. ഗൂഗിൾ പേ ആപ്ലിക്കേഷൻ തുറക്കുക

2. ബിസിനസ് സെക്ഷനിൽ നിന്ന് ‘ഐസിഐസിഐ ബാങ്ക് ഫാസ്ടാഗ്’ തിരഞ്ഞെടുക്കുക

3. പുതിയ ഫാസ്ടാഗ് വാങ്ങാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

4. നിങ്ങളുടെ പാൻകാർഡ് നമ്പർ, ആർസി കോപ്പി, വണ്ടി നമ്പർ, മേൽവിലാസം എന്നീ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

5. ഫോണിലേക്ക് വരുന്ന ഒടിപി(വൺ ടൈം പാസ്‌വേർഡ്) ഉറപ്പുവരുത്തണം

6. ഓർഡർ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഫാസ്ടാഗ് നിങ്ങളുടെ വീടുകളിൽ വരും ദിവസങ്ങളിൽ തന്നെ എത്തിച്ചേരും.

ബാങ്കുകളിൽ ഫാസ്ടാഗ് അക്കൗണ്ട് എങ്ങനെ?

പ്രധാന ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ഫാസ്ടാഗ് അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്ടാഗ് ലഭിക്കും. നൂറു രൂപയാണു ടാഗ് വില, 200 രൂപയുടെ തിരിച്ചുകിട്ടുന്ന നിക്ഷേപം, വാലറ്റില്‍ 200 രൂപ എന്നിങ്ങനെ അഞ്ഞൂറ് രൂപയാണ് ആദ്യം മുടക്കേണ്ടത്. അഞ്ചുവര്‍ഷം കാലാവധിയുള്ള അക്കൗണ്ടില്‍ തുടര്‍ന്ന് 100 രൂപ മുതല്‍ ലക്ഷം വരെ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) എന്നിവിടങ്ങളിലും ഫാസ്ടാഗ് രജിസ്ട്രേഷന്‍ നടത്താം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്.

മെച്ചം എന്ത്?

ഫാസ്ടാഗ് സംവിധാനത്തില്‍ അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസ കടന്നുപോകാമെന്നതാണു ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം. നിലവില്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് കടക്കാന്‍ നിശ്ചയിച്ച 15 സെക്കന്‍ഡാണ്. എന്നാല്‍ ഫാസ്ടാഗ് സംവിധാനത്തില്‍ മൂന്നു സെക്കന്‍ഡ് മതിയെന്നാണു ദേശീയപാത അതോറിറ്റി അവകാശപ്പെടുനനത്. മണിക്കൂറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാനാണു നിലവില്‍ ഒരു ടോള്‍ ബൂത്തിന്റെ ശേഷി. ഇതു ഫാസ്ടാഗ് സംവിധാനത്തില്‍ 1200 വാഹനങ്ങളായി ഉയരുമെന്നു ദേശീയപാത അതോറിറ്റി പറയുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google pay will now offers fastag in partnership with icici bank