ഗൂഗിൾ ഡ്യുവോ ആപ്പ് ഉടൻ തന്നെ ഗൂഗിൾ മീറ്റിലേക്ക് ലയിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. 2020ൽ കൊണ്ടുവരാനിരുന്ന ഈ മാറ്റം ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ് കമ്പനി. സൂം വീഡിയോ കോൾ ആപിന് എതിരാളിയായി ഗൂഗിൾ അവതരിപ്പിച്ചതായിരുന്നു ഗൂഗിൾ മീറ്റ് . ഇത് ജി-സ്യൂട്ട് ഉപയോക്താക്കളെയും ജിമെയിൽ ഉപയോക്താക്കളെയും വീഡിയോ കോളുകൾ നടത്താൻ സഹായിക്കുന്നതാണ്.
ഗൂഗിൾ മീറ്റിലെ ഫീച്ചറുകൾ ഡ്യുവോ ആപ്പിലേക്ക് കൊണ്ടുവരുന്നതായി ബ്ലോഗ് പോസ്റ്റിൽ കമ്പനി പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഡ്യുവോ ആപ്പ് ഗൂഗിൾ മീറ്റ് എന്ന് പുനർനാമകരണം ചെയ്യുമെന്നും അതോടെ ഗൂഗിളിന് ഒറ്റ വീഡിയോ കമ്മ്യുണിക്കേഷൻ ആപ്ലിക്കേഷൻ മാത്രമാകുമെന്നും കമ്പനി അറിയിച്ചു.
2016ൽ ‘അല്ലോ’ ആപ്പിന് ഒപ്പം പ്രഖ്യാപിച്ച വീഡിയോ കോളിങ് ആപ്പാണ് ഗൂഗിൾ ഡ്യുവോ. ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുന്ന ആപ്പ് ഫേസ്ടൈമിന് എതിരാളി എന്ന നിലയിലാണ് പ്രഖ്യാപിച്ചത്. 2018ൽ അല്ലോ പിൻവലിച്ചെങ്കിലും ഡ്യുവോ ഇതുവരെ പിടിച്ചു നിന്നിരുന്നു, ഗൂഗിൾ മീറ്റിന് കൂടുതൽ ശ്രദ്ധ ലഭിച്ചപ്പോഴും ഇത് തുടർന്നു. എന്നാൽ ഇതും ഇപ്പോൾ ഗൂഗിളിന്റെ പരാജയപ്പെട്ട ആപ്പുകളുടെ കൂട്ടത്തിൽ ഇടംപിടിക്കാൻ പോവുകയാണ്.
എന്നാൽ ഗൂഗിൾ ഡ്യുവോ ഉപയോക്താക്കൾ പുതിയൊരു ആപ്പ് ഡൗൺലൊഡ് ചെയ്യേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു. അപ്ഡേറ്റുകൾ കൃത്യമായി പൂർത്തിയാക്കിയാൽ മതിയാകും. ഗൂഗിൾ മീറ്റിലേക്ക് മാറുമ്പോൾ അത് തനിയെ മാറും.
ഈ മാസം മുതൽ ഡ്യുവോ മൊബൈൽ ആപ്പിൽ ഗൂഗിൾ ചില പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തും. കോളുകളിലും മീറ്റിംഗുകളിലും വെർച്വൽ പശ്ചാത്തലങ്ങൾ ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷൻ, മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യൽ, ഇൻ-മീറ്റിംഗ് ചാറ്റുകൾ, ഗൂഗിൾ മീറ്റിന് സമാനമായ ഉള്ളടക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേപോലെ ഡ്യുവോയിലെ ഒരു കോളിൽ പങ്കെടുക്കാവുന്ന ആളുകളുടെ 32-ൽ നിന്ന് 100 ആയി വർദ്ധിപ്പിക്കുകയും ചെയ്യും.
Also Read: അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്