കൊച്ചി: ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ദേശീയ ലോക്ക്ഡൗണ്‍ ബാധിച്ചവര്‍ക്കായി ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഈ സേവനം ലഭ്യമാക്കുന്നത്. നിലവില്‍ 30 നഗരങ്ങളിലെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ കഴിയും. ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നീ ഏതു ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍നിന്നും നഗരത്തിന്റെ പേര് കൊടുത്ത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളും രാത്രി താമസത്തിനുള്ള കേന്ദ്രങ്ങളും കണ്ടെത്താനാകും. നിലവില്‍ ഇംഗ്ലീഷില്‍ ലഭ്യമായ ഈ സേവനം വൈകാതെ ഹിന്ദിയിലും ലഭ്യമാകും.

ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ സെര്‍ച്ചില്‍ ചോദ്യങ്ങള്‍ നല്‍കാനും അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണുകളിലോ കൈയോസ് ഉപകരണത്തിലോ ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദിക്കാനും കഴിയും. വരുന്ന ആഴ്ചകളില്‍ ഇത് മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാക്കാനും രാജ്യത്തുടനീളമുള്ള കൂടുതല്‍ നഗരങ്ങളിലെ ഷെല്‍ട്ടറുകളുടെ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Read Also: ഹലോ… സുഖമല്ലേ? പ്രായമായവരെ തേടി കുടുംബശ്രീ പ്രവര്‍ത്തകരുടെ വിളിയെത്തും

വരും ദിവസങ്ങളില്‍, ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷനിലെ സെര്‍ച്ച് ബാറിന് ചുവടെ ദൃശ്യമാകുന്ന ക്വിക്ക് – ആക്‌സസ് ഷോര്‍ട്ട് കട്ടുകള്‍, കൈയോസ് ഫീച്ചര്‍ ഫോണുകളിലെ ഗൂഗിള്‍ മാപ്സിലെ ഷോര്‍ട്ട് കട്ടുകള്‍ എന്നിവയില്‍ കേന്ദ്രങ്ങളുടെ പിന്‍ ആക്സസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമായിമാറും. മാപ്സ് അപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ തന്നെ ഇത് ദൃശ്യമാകും.

“കോവിഡ് -19 നെ തുടര്‍ന്ന് ആളുകള്‍ പ്രയാസപ്പെടുന്ന ഈ സമയത്ത് അവരെ സഹായിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ സമഗ്രമായ ശ്രമം നടത്തുകയാണ്. ആവശ്യമുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന ഭക്ഷണ, പാര്‍പ്പിട സേവനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമമാണ് ഇത്. സ്മാര്‍ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത ആളുകളിലേക്കുകൂടി ഈ സേവനം എത്തിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെയും എന്‍ജിഒകളുടെയും ട്രാഫിക് അധികാരികളുടെയും സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്,” ഗൂഗിള്‍ ഇന്ത്യ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook