രാജ്യത്തെ കുട്ടികളെ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കാന്‍ ഗൂഗിളിന്റെ ബോലോ ആപ്പ്. ഹിന്ദിയും ഇംഗ്ലീഷും വായിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് ബോലോ ആപ്പിന്റെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍, ഉത്തര്‍പ്രദേശിലെ 200 വില്ലേജുകളില്‍ നിന്നായി 900 കുട്ടികള്‍ക്ക് ബോലോ ആപ്പിലൂടെ പരിശീലനം നല്‍കിയിരുന്നു. ഇത് വിജയകരമായതായി ഗൂഗിള്‍ അവകാശപ്പെടുന്നു.

ഗ്രാമീണ ഇന്ത്യയിലെ ഗ്രേഡ് 5 ല്‍ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് പകുതി പേര്‍ക്ക് മാത്രമേ ആത്മവിശ്വാസത്തോടെ 2 ലെവല്‍ പാഠപുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് ബോലോ ആപ്പിന്റെ രംഗപ്രവേശം ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയും ഇംഗ്ലീഷും വായിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ബോലോ ആപ്പിലൂടെ നല്ല രീതിയില്‍ പരിശീലനം നല്‍കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

ദിവ്യ എന്ന് പേരുള്ള ‘ബില്‍റ്റ് ഇന്‍ റീഡിങ് സഹായി’ അടക്കമാണ് ബോലോ ആപ്പ് ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാന്‍ കഴിവുള്ള ‘ദിവ്യ’ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രണ്ട് ഭാഷകളില്‍ മാത്രമാണ് നിലവില്‍ ബോലോ ആപ്പ് ഉള്ളത്. എന്നാല്‍, മറ്റ് ഭാഷകളിലേക്കും ബോലോ ആപ്പിന്റെ സഹായം ലഭ്യമാക്കും വിധം ക്രമീകരിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 200 വില്ലേജുകളില്‍ ബോലോ ആപ്പ് പരിചയപ്പെടുത്തിയെന്നും മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും ഗൂഗിള്‍ ഇന്ത്യ പ്രൊഡക്ട് മാനേജര്‍ നിധിന്‍ കശ്യപ് അവകാശപ്പെട്ടു.

സൗജന്യ സേവനമാണ് ബോലോ ആപ്പ് നല്‍കുന്നത്. രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കാം. ഓഫ്‌ലൈനായും സേവനം ലഭ്യമാണ്. നന്നായി വായിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ബോലോ ആപ്പ് തിരുത്തലുകളും നല്‍കും. ഹിന്ദിയും ഇംഗ്ലീഷിലുമായി 90 ഓളം കഥകളാണ് ബോലോ ആപ്പിലുള്ളത്. വ്യക്തിവിവരങ്ങളൊന്നും ശേഖരിക്കാതെ, സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് ബോലോ ആപ്പ് പ്രവര്‍ത്തിക്കുക എന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook