ബ്ലൂംബെർഗ്: ചരിത്രത്തിലെ ഏറ്റവും വലിയ നിയമപോരാട്ടത്തിനൊടുവിൽ കനത്ത പിഴ ഒടുക്കാൻ വിധിക്കപ്പെട്ട് ഗൂഗിൾ. യൂറോപ്യൻ യൂണിയനാണ് ഗൂഗിളിനെതിരെ വിശ്വാസ വിരുദ്ധമായ സെർച്ച് റിസൾട്ടുകളുടെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്.

2.4 ബില്യൺ യൂറോ ആണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 17,415 കോടിയിലധികം വരും പിഴ. സെർച്ച് എഞ്ചിനിൽ നൽകുന്ന ചോദ്യത്തിന് വളഞ്ഞ് പുളഞ്ഞ് ഉത്തരം കണ്ടെത്തേണ്ട സ്ഥിതിയാണെന്നും വിശ്വാസ യോഗ്യമല്ലാത്ത ഫലങ്ങളാണ് ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്രയും കനത്ത തുക പിഴ ഈടാക്കിയിരിക്കുന്നത്.

നിയമവിരുദ്ധമായ ഈ പ്രവർത്തനം അവസാനിപ്പിക്കാൻ ഗൂഗിളിന് 90 ദിവസത്തെ സമയമാണ് വിധിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ 60 ദിവസത്തെ സമയം ഗൂഗിളിന് ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനായാണ് അനുവദിച്ചിരിക്കുന്നത്.

ഈ വിധി അനുസരിക്കാൻ വിസമ്മതിച്ചാൽ പിഴ ശിക്ഷയിൽ അഞ്ച് ശതമാനം വർദ്ധനവുണ്ടാകും. 90 കോടിയോളം രൂപ അധികമായി നൽകേണ്ടി വരും.

എതിരാളികളുടെ ഉൽപ്പന്നങ്ങളേക്കാൾ മികച്ച ഉൽപ്പന്നം നൽകിയല്ല ഗൂഗിൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ ഉന്നത ഉദ്യോഗസ്ഥൻ മാർഗരറ്റ് വെസ്റ്റഗർ പറഞ്ഞു.

മറ്റ് സ്ഥാപനങ്ങൾ അവയുടെ ഗുണവശങ്ങളുമായി മത്സരിക്കുന്നത് ഇല്ലാതാക്കാൻ ഗൂഗിൾ ശ്രമിച്ചുവെന്നും വെസ്റ്റഗർ പറഞ്ഞു. ഇതിന് പുറമേ യൂറോപ്യൻ യൂണിയനിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലും ഗൂഗി8 വീഴ്ച വരുത്തിയെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

ഓഹരി വിപണിയിൽ ഈ വർഷം 23 ശതമാനം വളർച്ച നേടിയിരുന്ന ഗൂഗിളിന് ഇന്ന് വ്യാപാരം തുടങ്ങും മുൻപ് ഓഹരിയിൽ 1.5 ശതമാനം ഇടിവ് സംഭവിച്ചു.

ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഇതോടെ അവസാനമാകുന്നതും. ചെറുതും വലുതുമായ അനേകം സ്ഥാപനങ്ങൾ ഗൂഗിളിനെതിരെ ഈ കേസിൽ കക്ഷി ചേർന്നിരുന്നു. ന്യൂസ് കോർപ്, ആക്സൽ സ്പ്രിംഗർ, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ എന്നിവയ്ക്ക് പുറമേ യൂറോപ്യൻ യൂണിയനിലെ രാഷ്ട്രീയ നേതാക്കളും ഈ കേസിൽ ഗൂഗിളിന് എതിരെ രംഗത്ത് എത്തിയിരുന്നു.

അതേസമയം ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്ന അമേരിക്കൻ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമാണ് യൂറോപ്യൻ യൂണിയൻ നടത്തുന്നതെന്ന് ഈ കേസിൽ അമേരിക്ക നിലപാട് എടുത്തത്.

അതേസമയം ഗൂഗിളിനെതിരെ യൂറോപ്യൻ യൂണിയൻ നടത്തുന്ന മറ്റ് രണ്ട് കേസുകളിലെ അന്വേഷണം ഇതോടെ അവസാനിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജർമ്മനിയിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ പാർലമെന്റംഗം മാർകസ് ഫെബ്ബർ പറഞ്ഞു. എന്നാൽ ഈ കേസുകളിലും ഉടനെയൊന്നും തീർപ്പുകൽപ്പിക്കപ്പെടില്ലെന്നും കൂടുതൽ കാലം നിയമപോരാട്ടം വലിച്ചുനീട്ടപ്പെടുമെന്നുമാണ് കരുതപ്പെടുന്നത്.

2008 ൽ ഗൂഗിൾ തുടക്കമിട്ട കംപാരിസൺ ഷോപ്പിംഗ് സർവ്വീസിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് സ്ഥിതികൾ എത്തിയത്. ഇതിലൂടെ ഗൂഗിൾ ഉപഭോക്താക്കളുടെ വലിയ സ്വീകാര്യത ആർജിച്ചുവെന്നും കൂടുതൽ ലാഭമുണ്ടാക്കിയെന്നുമാണ് കുറ്റപ്പെടുത്തൽ. മികച്ച ഉൽപ്പന്നങ്ങൾ വിറ്റഴിച്ച മറ്റ് സ്ഥാപനങ്ങൾക്ക് ഇതേസമയം കനത്ത നഷ്ടം നേരിടേണ്ടി വന്നുവെന്നും ഗൂഗിളിനെതിരായ കുറ്റപത്രത്തിലുണ്ട്.

ഇറ്റലി, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ഏജൻസികളിൽ നിന്ന് 7.8 ദശലക്ഷം ഡോളർ പിഴയീടാക്കിയ റഷ്യയുടെ തീരുമാനത്തിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ വിശ്വാസ വിരുദ്ധ പിഴ ശിക്ഷയും പുറത്തുവരുന്നത്.

പിഴ ശിക്ഷ എക്കാലത്തെയും വലിയ റെക്കോഡാണെങ്കിലും ഗൂഗിളിന് വലിയ സാമ്പത്തിക പ്രതിസന്ധിയൊന്നും ഇക്കാര്യത്തിൽ ഉണ്ടാകില്ല. 90 ബില്യണാണ് ഇപ്പോൾ ഗൂഗിളിന്റെ മാതൃ സ്ഥാപനത്തിന്റെ പക്കൽ പണമായുള്ളത്. പിഴയുടെ 40 മടങ്ങിലേറെ വരുമിത്.

അതേസമയം വെസ്റ്റഗർ ഇതിന് മുൻപും ചരിത്രപരമായ പിഴ ശിക്ഷകൾ വിധിച്ചിട്ടുണ്ട്. ആപ്പിൾ കമ്പനിയോട് 13 ബില്യൺ യൂറോ നികുതിയായി തിരിച്ചടക്കാൻ ആവശ്യപ്പെട്ട വെസ്റ്റഗർ ഇന്റർ കോർപ്പറേഷന് 1.06 ബില്യണും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook