ഇത് എഐ ചാറ്റ്ബോട്ടുകളുടെ മത്സരത്തിന്റെ സമയമാണ്. ഓപ്പൺ എഐയാണഅ മുന്നിലെങ്കിലും മറ്റുള്ളവരും ഒട്ടും മോശമല്ല. തങ്ങളുടെ ചാറ്റ്‌ബോട്ട് ബാർഡിന് ഇപ്പോൾ സോഫ്റ്റ്‌വെയർ കോഡ് എഴുതാൻ കഴിയുമെന്ന് ഗൂഗിൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള എഐ പവർഹൗസായ ഓപ്പൺ എഐയിൽ നിന്ന് ആൽഫബെറ്റ് കടുത്ത മത്സരം നേരിടുന്ന സമയത്താണ് പുതിയ വികസനം.
“കോഡ് ജനറേഷൻ, കോഡ് ഡീബഗ്ഗിംഗ്, വിശദീകരണം എന്നിവയുൾപ്പെടെ പ്രോഗ്രാമിംഗ്, സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് ടാസ്‌ക്കുകളിൽ ആളുകളെ സഹായിക്കാനുള്ള കഴിവുകൾ നൽകി ഞങ്ങൾ ബാർഡിനെ അപ്‌ഡേറ്റ് ചെയ്യുന്നു,” ഗൂഗിൾ റിസർച്ചിലെ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജരായ പൈജ് ബെയ്‌ലി ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.
കോഡ് സൃഷ്ടിക്കൽ, വിശദീകരണം, ഡീബഗ്ഗിങ് എന്നിവ ഉൾപ്പെടുന്ന പ്രോഗ്രാമിംഗ്, സോഫ്‌റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട ജോലികളിൽ പ്രൊഫഷണലുകളെ സഹായിക്കാനുള്ള കഴിവ് ബാർഡിൽ അപ്‌ഡേറ്റ് ചെയ്‌തതായി ഗൂഗിൾ അറിയിച്ചു. ചാറ്റ്ബോട്ട് ആരംഭിച്ചതുമുതൽ,
ഉപയോക്താക്കൾ ആവശ്യപ്പെടുന്ന ഒന്നാണ് കോഡിങ് എന്ന് കമ്പനി അതിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഗോ, സിപ്ലസ് പ്ലസ്, ജാവ, പൈത്തൺ, ജാവസ്ക്രിപ്റ്റ്, ടൈപ്പ് സ്ക്രിപ്റ്റ് എന്നിവയുൾപ്പെടെ 20ലധികം പ്രോഗ്രാമിംഗ് ഭാഷകളിലും ബാർഡ് പ്രോഗ്രാമിംഗ്, സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് ടാസ്‌ക്കുകൾ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഉപയോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ കൊളാബിലേക്ക് പൈത്തൺ കോഡ് എളുപ്പത്തിൽ എക്‌സ്‌പോർട്ടുചെയ്യാനാകും. കൂടാതെ, ഗൂഗിൾ ഷീറ്റുകളിലും ബാർഡിന് ഉപയോക്താക്കളെ സഹായിക്കാൻ കഴിയും.
കോഡ് സൃഷ്ടിക്കുന്നതിന് പുറമെ, കോഡ് സ്‌നിപ്പെറ്റുകളും വിശദീകരിക്കാൻ അതിന്റെ ചാറ്റ്ബോട്ടിന് കഴിയുമെന്ന് ഗൂഗിൾ പറയുന്നു. പ്രോഗ്രാമിംഗിനെക്കുറിച്ച് ആദ്യമായി പഠിക്കുന്നവർക്കും ഒരു പ്രത്യേക ബ്ലോക്ക് കോഡിന്റെ ഔട്ട്പുട്ട് മനസ്സിലാക്കാൻ കൂടുതൽ അറിവ് തേടുന്നവരെയും ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു.
ബാർഡിന് കോഡ് ഡീബഗ് ചെയ്യാൻ കഴിയും, അത് സ്വയമേ എഴുതിയ കോഡ് ആണെങ്കിലും. “ബാർഡ് നിങ്ങൾ ഉദേശിച്ച കോഡ് അല്ല തരുന്നതെങ്കിൽ, അതിൽ പിശകുകൾ ഉണ്ടെങ്കിൽ, ഈ കോഡ് പ്രവർത്തിച്ചില്ല, ദയവായി ഇത് പരിഹരിക്കുക എന്ന് ബാർഡിനോട് പറയുക, ബാർഡിന് നിങ്ങളെ ഡീബഗ് ചെയ്യാൻ സഹായിക്കാനാകും,” ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
ഇത് ബാർഡിന്റെ കഴിവുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണെങ്കിലും, ചാറ്റ്ബോട്ട് ഇപ്പോഴും ഒരു ആദ്യകാല പരീക്ഷണമാണെന്ന് ഗൂഗിൾ പറയുന്നു.