ന്യൂഡൽഹി: കൊറോണ വൈറസ് ലോകത്താകമാനം പടർന്നു പിടിച്ച സാഹചര്യത്തിൽ കൂടുതൽ വ്യാപനം തടയുന്നതിന് പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വർക്ക് ഫ്രം ഹോം തുടങ്ങി. പല കമ്പനികളും അടയ്ക്കേണ്ട സാഹചര്യത്തിലാണ് തൊഴിലാളികളെ വീട്ടിലിരുത്തി തന്നെ ജോലി ചെയ്യിപ്പിക്കേണ്ട സ്ഥിതി വന്നത്. ഈ സമയത്ത് ഏറെ പ്രചാരം നേടിയ ഒരു വീഡിയോ കോളിങ് പ്ലാറ്റ്ഫോമാണ് സൂം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമാണ് സൂം. എന്നാൽ ഡിജിറ്റൽ ലോകത്തെ വമ്പന്മാരായ ഗൂഗിൾ സൂം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നതായി ബസ്ഫീഡെന്ന രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Also Read: ഗ്രൂപ്പ് കോളുകൾ എളുപ്പമാക്കി വാട്സ്ആപ്പ്, സൂം സുരക്ഷിതമാക്കാം

സൂമിന്റെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ഗൂഗിൾ തൊഴിലാളികൾക്ക് മെയിൽ അയച്ചതായി ബസ്ഫീഡിന്റെ റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികളുടെ ലാപ്ടോപ്പുകളിൽ വീഡിയോ കോൺഫറസിങ് ഈ ആഴ്ച തന്നെ നിർത്താനും ഗൂഗിൾ തീരുമാനിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ കോർപ്പറേറ്റ് നെറ്റ്‌വർക്കിന് പുറത്തുള്ള അംഗികൃതമല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ പാടില്ലെന്നത് നേരത്തെ മുതലുള്ള നിർദേശമാണെന്നാണ് ഗൂഗിൾ വക്താവ് ജോസെ കസ്തനേഡ നൽകുന്ന വിശദീകരണം. ഔദ്യോഗിക കാര്യങ്ങൾക്ക് സൂം ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സുരക്ഷ മനദണ്ഡങ്ങൾക്ക് വിപരീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബന്ധുക്കളും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിന് തൊഴിലാളികൾക്ക് സൂം ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണങ്ങളുമായി വാട്സാപ്പ്

നേരത്തെ ഐഫോൺ, ഐപാഡ് ഗാഡ്ജറ്റ്സുകളിലുള്ള ഐഒഎസ് പ്ലാറ്റ്ഫോമിനുവേണ്ടിയുള്ള സൂം ആപ്ലിക്കേഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കിന് നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കാത്ത വ്യക്തികളുടെയുമുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയായിരുന്നു മദർബോർഡിന്റെ റിപ്പോർട്ട്.

ഗൂഗിളിനെപോലെ തന്നെ സ്പെയ്സ്എക്സും തൊഴിലാളികളെ സൂം ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. സുരക്ഷ കാരണങ്ങ ചൂണ്ടികാട്ടി തന്നെയാണ് കമ്പനിയുടെ നടപടിയെന്ന് റൊയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook