വെയ്‌മറിൽ 1915 ലാണ് മാർഗ ഫോൽസ്റ്റിച്ച് ജനിച്ചത്. ഇന്ന് അവരുടെ 103-ാം ജന്മവാർഷികമാണ്. ചരിത്രത്തിന്റെ താളുകളിൽ എക്കാലത്തേക്കും ഓർമ്മിക്കപ്പെടാവുന്ന വിധം തന്റെ പേരെഴുതി ചേർത്താണ് അവർ ലോകത്തോട് വിടപറഞ്ഞത്. ജർമ്മൻ ഗ്ലാസ് കെമിസ്റ്റായിരുന്ന മാർഗയെ ഓർമ്മിക്കുകയാണ് ഗൂഗിൾ ഡൂഡിൽ ഇന്ന്.
ഒളിമങ്ങാത്ത കാഴ്‌ചകൾക്കായി നമ്മളിന്ന് ഉപയോഗിക്കുന്ന കണ്ണടകളെല്ലാം ആ ശാസ്ത്രജ്ഞയുടെ പ്രയത്നത്തിന്റെ ഫലമായി കണ്ടെത്തപ്പെട്ടവയാണ്. മാർഗയുടെ ആദ്യകാലത്തെ ഗവേഷണ ഫലങ്ങളാണ് ഇന്നും സൺഗ്ലാസുകളുടെയും ആന്റി റിഫ്ലക്‌ടീവ് ഗ്ലാസുകളുടെയും ഗ്ലാസ് മുഖപ്പുകളുടെ നിർമ്മാണത്തിനുളള ആപ്‌തവാക്യം.
കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തിലാണ് മാർഗ ഫോൽസ്റ്റിച്ച് ഉന്നതങ്ങളിലേക്ക് പറന്നുയർന്നത്. ബിരുദ പഠനത്തിന് ശേഷം ഒരു സാങ്കേതിക വിദഗ്‌ധന്റെ സഹായിയായി ജോലി ആരംഭിച്ച മാർഗ പിന്നീട് സയന്റിഫ് അസിസ്റ്റന്റ് ജോലിയിലേക്കും അവിടെ നിന്ന് സയന്റിസ്റ്റായും മാറിയത് വളരെ പെട്ടെന്നാണ്.
രണ്ടാം ലോക മഹായുദ്ധത്തിലാണ് മാർഗയുടെ ജീവിതത്തെ അടിമുടി ഉലച്ചുകളഞ്ഞ ആദ്യത്തെ സംഭവം നടന്നത്. മാർഗയുടെ വരൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. പിന്നീട് തന്റെ കരിയറിലേക്ക് മാത്രമായി മാർഗയുടെ ശ്രദ്ധ. ആ ഒറ്റയാൾ പോരാട്ടം പല പ്രതിസന്ധികളെയും നേരിടേണ്ടതായി വന്നു.
പിന്നീട് ഒപ്റ്റിക്കൽ ഗ്ലാസുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിലായി മാർഗയുടെ ഊന്നൽ. മൈക്രോസ്കോപ്പ്, ബൈനോക്കുലർ ലെൻസ് എന്നിവയിൽ കേന്ദ്രീകരിച്ചതായിരുന്നു ഗവേഷണം. പിൽക്കാലത്ത് ലൈറ്റ് എസ്എഫ് 64 ലെൻസുകളുടെ കണ്ടുപിടിത്തത്തോടെ മാർഗ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1973 ൽ ഈ നേട്ടത്തിന് അവർ ആദരിക്കപ്പെടുകയും ചെയ്‌തു.
പിന്നീട് 1979 ൽ Schott ൽ നിന്ന് 44 വർഷത്തെ ഗവേഷണ ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം അവർ വിദേശരാഷ്ട്രങ്ങൾ സന്ദർശിച്ചു. 1998 ൽ 92-ാം വയസ്സിൽ അന്തരിക്കുന്നത് വരെ ഗ്ലാസുമായി ബന്ധപ്പെട്ട ശാസ്ത്ര മേഖലയിൽ വിദേശ രാഷ്ട്രങ്ങളിലെ പല കോൺഫറൻസുകളിലും ക്ലാസുകളെടുക്കുകയാണ് മാർഗ ഫോൽസ്റ്റിച്ച് ചെയ്‌തത്.