ന്യൂയോര്‍ക്ക്: തൊഴിലിടത്തെ സംസ്കാരത്തിൽ ഏറെ അഭിമാനിച്ചിരുന്ന ഒരു സ്ഥാപനമാണ് ഗൂഗിൾ. ജീവനക്കാർക്ക് അവരുടെ മനസ് തുറന്ന് സംസാരിക്കാനും തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാനും പ്രകടിപ്പിക്കാനും ഉള്ള അവസരം ഗൂഗിൾ എക്കാലവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തൊഴിലാളികൾക്ക് പുതിയ മാർഗനിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാപനം.

പലപ്പോഴും സ്ഥാപനത്തെ ചുറ്റിപ്പറ്റി ഉടലെടുക്കുന്ന വിവാദങ്ങളാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണം എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍, വാര്‍ത്തകളെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ ഒഴിവാക്കാനും ജോലി സംബന്ധിച്ച കാര്യങ്ങളില്‍ മുഴുകാനുമാണ് കമ്പനി തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഗൂഗിൾ ജോലിസ്ഥലത്ത് പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പരസ്പരം അപമാനിക്കുന്നതിൽ നിന്നും കമ്പനിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് ജീവനക്കാർക്ക് സ്ഥാപനം നിർദേശം നൽകി. “രാഷ്ട്രീയത്തെക്കുറിച്ചോ ഏറ്റവും പുതിയ വാർത്തയെക്കുറിച്ചോ ഉള്ള ചർച്ചകൾ നടത്തുന്നത് പ്രവൃത്തിദിനത്തെ തടസപ്പെടുത്തിക്കൊണ്ടാകരുത്,” എന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

Read Also: ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഇനി ആപ്പിലൂടെ സ്വർണവും വാങ്ങാം

“നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം, നമുക്ക് ഓരോരുത്തർക്കും നിയോഗിക്കപ്പെട്ടിട്ടുള്ള ജോലി ചെയ്യുക എന്നതാണ്. ജോലി സംബന്ധമല്ലാത്ത വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾക്കായി ജോലി സമയം ചെലവഴിക്കരുത്. ഭിന്നിപ്പിക്കുന്ന ചര്‍ച്ചകള്‍ ജോലി സമയത്ത് ഒഴിവാക്കണം. അല്ലെങ്കില്‍ ഗൂഗിളിന്റെ നയം ലംഘിക്കുന്ന സമീപനമായിരിക്കും,” മാർഗനിർദേശങ്ങളിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ഏകദേശം 10,0000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്.

“ആശങ്കകൾ ഉന്നയിക്കാനും കമ്പനിയുടെ പ്രവർത്തനങ്ങളെ മാന്യമായി ചോദ്യം ചെയ്യാനും ചർച്ച ചെയ്യാനും നമുക്കെല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് – അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. യഥാർത്ഥ വിവരങ്ങൾ അറിഞ്ഞ് സംസാരിക്കുക. എല്ലാ കാര്യങ്ങളും നമുക്ക് അറിയും എന്ന് കരുതരുത്. ഒപ്പം നമ്മുടെ ഉൽപന്നങ്ങളേയും നമ്മൾ ചെയ്യുന്ന ജോലിയേയും കുറിച്ചുള്ള വിശ്വാസ്യതയെ തകർക്കുന്നതോ, അതേക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതോ ആയ പ്രസ്താവനകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുക,” സർക്കുലറിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook