മുംബൈ: വോഡഫോൺ ഗ്രൂപ്പിന്റെ ഇന്ത്യൻ മൊബൈൽ നെറ്റ്‌വർക്ക് വ്യവസായത്തിൽ ഗൂഗിൾ നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപോർട്ട് . നേരത്തേ മറ്റൊരു ഇന്ത്യൻ ടെലികോം കമ്പനിയായ റിലയൻസ് ജിയോയിൽ സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. ഇതിനു പിറകേയാണ് ഗൂഗിളും ഇന്ത്യൻ ടെലികോം മേഖലയിലേക്ക് കടക്കാനൊരുങ്ങുന്നത്.

ബ്രിട്ടിഷ് ടെലകോം സ്ഥാപനമായ വോഡഫോണിന്റെയും ആദിത്യ ബിർല ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ അഞ്ച് ശതമാനം ഓഹരികൾ ഗൂഗിൾ വാങ്ങാനൊരുങ്ങുന്നതായി ഈ ഇടപാടുമായി അടുത്ത ബന്ധമുള്ളവരെ അധികരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപോർട്ട് ചെയ്തു.

Read More: യൂബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് പിറകേ ബുക്ക് മൈ ഷോയും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

43,574 കോടി രൂപ (570 കോടി ഡോളർ) മുടക്കി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോമിലെ 9.99 ശതമാനം ഓഹരികൾ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി ആഴ്ചകൾക്കുള്ളിലാണ് മറ്റൊരു ഇന്ത്യൻ ടെലികോം കമ്പനിയിൽ ഐടി ഭീമനായ ഗൂഗിൾ നിക്ഷേപമിറക്കാനൊരുങ്ങുന്നതായി റിപോർട്ട് പുറത്തു വരുന്നത്.

570 കോടി ഡോളർ ഇടപാടിലൂടെ ഫെയ്സ്ബുക്ക് ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയായി മാറിയിരുന്നു. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ ഇക്കോസിസ്റ്റംസ്, മൊബൈൽ സേവനം എന്നിവയിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ പ്ലാറ്റ്ഫോമുകൾ.

അതേസമയം ഗൂഗിൾ നിക്ഷേപമിറക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വോഡഫോൺ-ഐഡിയ വക്താവ് വിസമ്മതിച്ചു. ഇന്ത്യൻ കമ്പോളത്തിലെ ഇടപെടൽ വർധിപ്പിക്കാൻ ഗൂഗിൾ ലക്ഷ്യമിടുന്നുണ്ട്. പുതുതായി ഇൻറർനെറ്റ് ഉപഭോക്താക്കളായ ആളുകളുടെ എണ്ണം മറ്റെല്ലാ രാജ്യങ്ങളിലേതിനേക്കാളും ബഹുദൂരം മുന്നിലാണെന്നതാണ് ഇന്ത്യയിലേക്ക് ഗൂഗിളിനെ ആകർഷിക്കുന്നത്.

Read More: ട്രൂകോളർ വഴി 4.75 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർന്നു, ഡാർക് വെബിൽ വിൽപനയ്ക്ക്? മറുപടിയുമായി ട്രൂകോളർ

ഫെയ്സ്ബുക്ക് ജിയോ പങ്കാളിത്തം ഇന്ത്യയിൽ ഇ കൊമേഴ്സ് അടക്കമുള്ള മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ ഗൂഗിൾ പേയ്ക്കും, വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ട്, ആമസോൺ, സോഫ്റ്റ്ബാങ്കിന് നിക്ഷേപമുള്ള പേ ടിഎം എന്നിവയ്ക്ക് വെല്ലുവിളിയുയർത്തിക്കൊണ്ടാണ് ഫെയ്സ്ബുക്കും ജിയോയും ഇ കൊമേഴ്സ് രംഗത്തേക്ക് കടക്കുന്നത്. ഫെയ്സ്ബുക്ക് ഉടമസ്ഥതതയിലുള്ള വാട്സ്ആപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പേയ്മെന്റ് സംവിധാനമായ വാട്സ്ആപ്പ് പേയും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫെയ്സ്ബുക്ക് തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള മെസഞ്ചർ സേവനമായ വാട്സ്ആപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ വാട്സ്ആപ്പ് പേയ്ക്ക് ഇന്ത്യയിൽ എളുപ്പത്തിൽ വിജയിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗൂഗിളിന്റെ നെക്സറ്റ് ബില്യൺ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ വലിയൊരു പങ്ക് ഇന്ത്യയിലാണ് നടപ്പാക്കുക. പുതിയ ഇൻറർനെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ് പദ്ധതി. ട്രെയിൻ സ്റ്റേഷനിലെ വൈഫൈ സംവിധാനം മുതൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വരെ പദ്ധതിയിലുൾപ്പെടുന്നു. 400 കോടി തിരിച്ചടവ് കുടിശ്ശികയും 1400 കോടി കടവുമടക്കമുള്ള ബാധ്യതകളുമായി വോഡഫോണിന്റെ ഇന്ത്യൻ ബിസിനസ് പ്രതിസന്ധി നേരിടുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook