ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം പത്താം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്ത സര്‍പ്രൈസ് പുറത്തുവിട്ടു. ഗൂഗിള്‍ ക്രോമിന്റെ 69-ാം പതിപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഡെസ്‌ക്ടോപ്പ്, ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ വെർഷൻ ലഭ്യമാകും. കാഴ്ചയിൽ വ്യത്യസ്തത തോന്നിക്കുന്ന മാറ്റങ്ങളാണ് പുതിയ ക്രോമിന്റെ പ്രത്യേകത.

ഒറ്റനോട്ടത്തില്‍ ആദ്യം ശ്രദ്ധിക്കപ്പെടുക സെര്‍ച്ച് ബോക്‌സിന്റെ ആകൃതിയില്‍ വന്നിരിക്കുന്ന മാറ്റം തന്നെയാണ്. ഓട്ടോഫിൽ ഓപ്ഷണുകളും ഗൂഗിൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സെർച്ചിങ്ങിന്റെ വേഗത കൂട്ടാൻ സഹായകമാകും. എന്നാൽ ഗൂഗിള്‍ ക്രോമിന്റെ പുതുക്കിയ പതിപ്പ് ഉപഭോക്താക്കൾക്ക് വേഗം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. കാഴ്ചയിൽ അടിമുടി മാറിയ ഗൂഗിള്‍ ക്രോമുമായി ഉപഭോക്താക്കൾ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ.

ഈസി ട്രാൻസ്ലഷനും ഒമ്നി സെർച്ച് ബോക്സുമെല്ലാം പുതിയ ക്രോമിന്റെ പ്രത്യേകതയാണ്. ഒന്നിലധികം ടാബുകൾ തുറന്നുവയ്ക്കേണ്ട സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ അവരുടെ അവശ്യമുള്ള ടാബിലേക്കെത്താൻ സഹായിക്കുന്ന സംവിധാനമാണ് ഒമ്നി സെർച്ച് ബോക്സ്.

നേരത്തെ ഗൂഗിളിന്റെ തന്നെ ഇ-മെയിൽ സർവ്വീസായ ജിമെയിലും അപ്ഡേറ്റ് ആയിരുന്നു. 2008 സെപ്റ്റംബര്‍ രണ്ടിനാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഡിജിറ്റൽ ലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് ആളുകളുടെ ഇഷ്ട ബ്രൗസറാണ് ക്രോം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗൂഗിൾ ക്രോം.

വളരെ എളുപ്പത്തിൽ തന്നെ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യാം. ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ വലതുഭാഗത്തായി മൂന്ന് കുത്തുകള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ സെറ്റിങ്‌സ് തിരഞ്ഞെടുക്കുക. അതിൽ തുറന്നുവരുന്ന പേജിന്റെ ഇടത് ഭാഗത്തെ മെനു തുറന്നാല്‍ അതില്‍ എബൗട്ട് ക്രോം എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook