ന്യൂഡൽഹി: ഇന്ത്യയിൽ ആയിരം കോടി ഡോളർ (75,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ വിർച്വൽ പരിപാടിയിലാണ് ഗൂഗിൾ സിഇഒയുടെ പ്രഖ്യാപനം. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഈ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കാണ് ഗൂഗിൾ ഫോർ ഇന്ത്യയിൽ പ്രാധാന്യം ലഭിച്ചത്.
“ഇന്ന്, ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്താഷവാനാണ്. ഈ ശ്രമത്തിലൂടെ അടുത്ത അഞ്ച്- ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി ഡോളർ അഥവാ ഏകദേശം 10 ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കും. ഇക്വിറ്റി നിക്ഷേപങ്ങൾ, പങ്കാളിത്ത സംരംഭങ്ങൾ, പ്രവർത്തന ചെലവ്, അടിസ്ഥാന സൗകര്യം, ഇക്കോസിസ്റ്റം മെച്ചപ്പെടുത്താനുള്ള നിക്ഷേപങ്ങൾ എന്നിവയുടെ മിശ്രണമായി ഇത് വിനിയോഗിക്കും. ഇന്ത്യയുടെ ഭാവിയിലും അതിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലും ഞങ്ങൾക്കുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണിത്,” പിച്ചൈ പറഞ്ഞു.
Read More: ദക്ഷിണേന്ത്യയിൽ 7500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ആപ്പിൾ ഐഫോൺ നിർമാണ കരാറുകാർ
ഒന്നാമതായി, ഭാഷ പ്രശ്നമാകാതെ എല്ലാ ഇന്ത്യക്കാർക്കും മിതമായ നിരക്കിൽ വിവര ലഭ്യത ഉറപ്പാക്കാൻ ഈ നിക്ഷേപം ഉപയോഗപ്പെടുത്തും. രണ്ടാമതായി, ഉൽപ്പന്നങ്ങളും സേവനങ്ങളും ഇന്ത്യയുടെ സവിശേഷ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. വൻ നിക്ഷേപം പ്രാദേശിക ബിസിനസ്സുകളെ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് നയിക്കാൻ സഹായിക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റഗ്രെലിൻസ് (എഐ) ഉപയോഗിക്കുന്നതിനും ഇത് വിനിയോഗിക്കും.
പ്രകൃതിദുരന്തം ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകാനും ആളുകളെ ഒഴിപ്പിക്കാനും സഹായിക്കുന്ന വെള്ളപ്പൊക്ക പ്രവചന സംവിധാനമാണ് പിച്ചൈ പറഞ്ഞ ഉദാഹരണങ്ങളിൽ ഒന്ന്. കൂടാതെ, സ്വന്തമായി വായിക്കാനും പഠിക്കാനും കുട്ടികളെ സഹായിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് റീഡിങ് ട്യൂട്ടർ ആപ്ലിക്കേഷൻ ബോലോ എന്ന റീഡ് അലോങ് ആപ് വികസിപ്പിക്കും.
Read More: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ
ഗൂഗിളിന്റെ ഇന്റർനെറ്റ് സാഥി പോലുള്ള പ്രോഗ്രാമുകൾ വിജയമായെന്ന് പറഞ്ഞ പിച്ചൈ ഇന്ത്യയിലുടനീളമുള്ള മൂന്ന് കോടിയിലധികം സ്ത്രീകൾക്ക് ഡിജിറ്റൽ കഴിവുകൾ പഠിക്കാനും അവരുടെ ജീവിതത്തിലും സമൂഹങ്ങളിലും അത് പ്രയോഗിക്കാനും ഇവ സഹായിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിച്ചൈ പ്രശംസിക്കുകയും ചെയ്തു. വിലകുറഞ്ഞ സ്മാർട്ട്ഫോണുകൾ, താങ്ങാനാവുന്ന ഡാറ്റ, ലോകോത്തര ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നിവയിലൂടെ നൂറ് കോടി ഇന്ത്യക്കാർക്ക് ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുള്ള കാഴ്ചപ്പാട് യാഥാർഥ്യമാക്കിയത് പ്രശംസനീയമാണെന്ന് പിച്ചൈ പറഞ്ഞു.
Read More: Google CEO Sundar Pichai announces $10 billion invesment in India