ബീജിങ്: അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ മനുഷ്യനോടാണ് മത്സരിക്കുന്നത്. മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് മനുഷ്യന് പകരം വയ്ക്കാവുന്ന കൃത്രിമ ബുദ്ധി വികസിപ്പിക്കുകയാണ് സാങ്കേതിക ലോകം. അതിന്റെ ഏറ്റവും പുതിയ വാർത്ത വരുന്നത് അങ്ങ് ചൈനയിൽ നിന്നാണ്.

ചൈനയിൽ കൃത്രിമ ബുദ്ധി ആദ്യമായി പുറത്താക്കിയിരിക്കുന്നത് വാർത്ത അവതാരകനെയാണ്. ബീജിങിലെ ക്സിൻചുവ എന്ന മാധ്യമസ്ഥാപനം അവരുടെ വാർത്ത അവതാരകന് പകരമാണ് കൃത്രിമ ബുദ്ധി ഉപയോഗിച്ചിരിക്കുന്നത്.

കൃത്രിമ ബുദ്ധി ഉപയോഗിച്ചുളള വാർത്ത അവതരണത്തിന്റെ ആദ്യ വീഡിയോ ദൃശ്യം ഇവർ ഇന്റർനെറ്റിൽ പുറത്തുവിട്ടതോടെ സംഭവം ആഗോളതലത്തിൽ തന്നെ ചർച്ചയായി മാറിയിരിക്കുകയാണ്.

ചാനലിൽ ഒരു പുരുഷ വാർത്ത അവതാരകനാണ് വാർത്ത അവതരിപ്പിക്കുന്നതായി കാണുക. അദ്ദേഹത്തിന്റെ മുഖചലനങ്ങളും വ്യക്തമായി കാണാം. എന്നാൽ ശബ്ദം കൃത്രിമ ബുദ്ധിയാണ്. കണ്ടാൽ പ്രൊഫഷണൽ വാർത്ത അവതാരകനാണെന്ന് തോന്നുമെങ്കിലും അടിമുടി സാങ്കേതിക വിപ്ലവമാണ് ചൈനയിൽ സാധ്യമാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ്, മാന്ദറിൻ ഭാഷകളിലാണ് വാർത്ത അവതരിപ്പിക്കുന്നത്. ചൈനയിലെ സേർച് എഞ്ചിൻ കമ്പനിയായ സോഗു ആണ് ക്സിൻചുവയ്ക്ക് ഈ സംവിധാനം തയ്യാറാക്കി കൊടുത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook