കൊച്ചി: കൗമാരപ്രായക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ലിംഗ സമത്വത്തിന്റെ സന്ദേശം എത്തിക്കുന്ന ആന്‍ഡ്രോയ്ഡ് അധിഷ്‌ഠിത ഗെയിം വോഡഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കി. ഗേള്‍ റൈസിങ് ഗെയിം എന്ന പേരിലുള്ള ഈ ഗെയിം ബോളിവുഡ് അര്‍ജുന്‍ കപൂര്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

മാച്ച് 3 പസില്‍ രീതിയിലുള്ള ഈ ഗെയിം ശാക്തീകരണത്തിനും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള ബോധവല്‍ക്കരണം കഥകള്‍ പറയുന്നതിന്റെ രീതിയിലാണ് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സൊലൂഷന്‍സ് ഫോര്‍ ഗുഡ് നീക്കത്തിന്റെ ‘ഭാഗമായാണ് ഗേള്‍ റൈസിങ് ഫൗണ്ടേഷനുമായി ചേര്‍ന്ന് വോഡഫോണ്‍ ഫൗണ്ടേഷന്‍ ഈ ഗെയിം വികസിപ്പിച്ചത്. നാസ്‌കോം ഫൗണ്ടേഷനാണ് ഇതു നടപ്പാക്കുന്നതിന്റെ മുഖ്യ പങ്കാളി.

പുരുഷന്‍മാര്‍ക്കു ലഭിക്കുന്ന അതേ അവകാശങ്ങള്‍ ലഭിക്കാനായി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോരാടേണ്ടി വരുന്നത് ദുഃഖകരമാണെന്ന് അര്‍ജുന്‍ കപൂര്‍ പറഞ്ഞു. ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ഓരോ വ്യക്തിയും തന്റേതായ സംഭാവന നല്‍കണം. ലിംഗ സമത്വം നേടിയെടുക്കുക എന്നത് വനിതകളുടെ മാത്രം ചുമതലയല്ല. പുരുഷന്‍മാരും അതില്‍ തങ്ങള്‍ക്കുള്ള പങ്കു നിര്‍വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതകളുടെ വിദ്യാഭ്യാസം, ശാക്തീകരണ മേഖലകളില്‍ ആവശ്യമായ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതില്‍ വോഡഫോണ്‍ ഫൗണ്ടേഷന്‍ പ്രത്യേക ശ്രദ്ധയാണു പതിപ്പിക്കുന്നതെന്ന് വോഡഫോണ്‍ ഇന്ത്യയുടെ റെഗുലേറ്ററി, എക്‌സ്‌ടേണ്‍ അഫയേഴ്‌സ് ആന്റ് സിഎസ്ആര്‍. ഡയറക്‌ടര്‍ പി.ബാലാജി പറഞ്ഞു. ഈ രംഗത്തെ ശക്തമായ പ്രതിബദ്ധതയുടേയും ഗേള്‍ റൈസിങ്ങുമായുള്ള സഹകരണത്തിന്റേയും ഫലമാണ് ഈ ഗെയിം. പ്രശ്‌ന പരിഹാരത്തിന്റെ ‘ഭാഗമായി യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഇറങ്ങിച്ചെല്ലലാണ് ഇതിലൂടെ നടക്കുന്നത്. സമൂഹത്തില്‍ ചലനമുണ്ടാക്കുന്ന രീതിയില്‍ മറ്റു പല മേഖലകളിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ക്കാകുമെന്ന ആത്മ വിശ്വാസമുണ്ടെന്നും പി.ബാലാജി കൂട്ടിച്ചേര്‍ത്തു.

ചിന്താഗതിയില്‍ മാറ്റമുണ്ടായാലേ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ സൃഷ്‌ടിക്കാനാവൂ എന്ന് ഗേള്‍ റൈസിങ് ഇന്ത്യ ഫൗണ്ടേഷന്‍ കണ്‍ട്രി റെപ്രസന്റേറ്റീവ് നിധി ദുബെ പറഞ്ഞു. സിനിമകള്‍ പോലുള്ള കഥ പറയാനുള്ള സംവിധാനങ്ങള്‍ വൈകാരികമായ ചലനങ്ങള്‍ സൃഷ്‌ടിക്കുകയും പ്രശ്‌ന പരിഹാരത്തില്‍ കേന്ദ്രീകൃതമായ ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യുമെന്നും നിധി ദുബെ ചൂണ്ടിക്കാട്ടി.

നാലു കഥകളാണ് ഗേള്‍ റൈസിങ് ഗെയിമില്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ കൂടുതല്‍ റിലീസുകള്‍ ഉണ്ടാകും. വോഡഫോണ്‍ ഗെയിം സ്‌റ്റോര്‍, സോഷ്യല്‍ ആപ്പ് ഹബ്ബുകള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ ഗെയിം ഡൗണ്‍ലോഡു ചെയ്യാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook