ന്യൂഡല്‍ഹി: ചൈനീസ് സ്മാർട്ഫോണ്‍ കമ്പനിയായ ജിയോണി കടക്കെണിയിലാണെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചെയര്‍മാന്‍ ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനിക്ക് വിനയായതെന്നാണ് ചൈനീസ് ഓണ്‍ലൈന്‍ മാധ്യമായ ജിയെമിയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 ബില്യണ്‍ യുവാന്‍ ആണ് അദ്ദേഹത്തിന് ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 9759 കോടി രൂപ. ലിയു ലിറോങ് ഇത് സംബന്ധിച്ച് സ്ഥീരീകരണം നടത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ജിയോണിയുടെ പണം കൊണ്ട് താന്‍ ചൂതാട്ടം കളിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, കമ്പനിയുടെ ഫണ്ട് താന്‍ കടം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ സ്മാർട്ഫോണ്‍ ബ്രാന്‍ഡുകളില്‍ നല്ല രീതിയില്‍ വില്‍ക്കപ്പെടുന്ന ഫോണുകളാണ് ജിയോണിയുടേത്. അഞ്ച് സ്മാർട്ഫോണ്‍ ബ്രാന്‍ഡുകളില്‍ ജനപ്രിയതയുളള കമ്പനിയാണിത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ 650 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിക്ഷേപം നടത്തിയതിനേക്കാള്‍ 30 ശതമാനം കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് കമ്പനി അറിയിച്ചത്. 8,000 മുതല്‍ 20,000 രൂപ വരെ വിലയുളള സ്മാർട്ഫോണുകളില്‍ 20 ശതമാനം വിൽപന തങ്ങളുടെ ഫോണിനാണെന്ന് ഉറപ്പിക്കുമെന്ന് ജിയോണി അറിയിച്ചിരുന്നു. ജിയോണി എഫ് 205, ജിയോണി എസ് 11 ലൈറ്റ് എന്നീ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിച്ച് ഏപ്രില്‍ മാസത്തിലാണ് ജിയോണി ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ