ലോക മൊബൈൽ കോൺഗ്രസിന്റെ 2019ലെ പതിപ്പ് 5 ജി യുഗത്തിന് തുടക്കം കുറിക്കുന്നതായിരുന്നെന്ന് നിസംശയം പറയാം. 5 ജി ഫോണുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് വിവിധ കമ്പനികളാണ് അവരുടെ 5 ജി ഫോണുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചത്. സ്‌പെയിനിലെ ബാഴ്സലോണയിലാണ് ഇത്തവണത്തെ ലോക മൊബൈൽ കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടത്. ഷവോമിയും വാവേയും എൽജിയും ഒപ്പോയുമെല്ലാം അവരുടെ കന്നി 5ജി ഫോൺ അവതരിപ്പിച്ചു.

വാവേ മേറ്റ് X

ചൈനീസ് വമ്പന്മാരായ വാവേ മേറ്റ് X ആണ് 5 ജി ഫോണുകളുടെ ഗണത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്. 5 ജിയോടൊപ്പം തന്നെ മടക്കാവുന്ന ഫോൺ എന്ന പേരിലാണ് വാവേ മേറ്റ് X അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് സ്ക്രീനുകളുള്ള മേറ്റ് X നിവർത്തിയാൽ എട്ട് ഇഞ്ച് വലുപ്പമുള്ള ടാബ്‌ലറ്റായും ഉപയോഗിക്കാം. എന്നാൽ വിലയുടെ കാര്യത്തിലും ഇതേ വലുപ്പം വാവേ മേറ്റ് Xന് ഉണ്ട്.

ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ മടക്കാവുന്ന 5 ജി ഫോണാണ് മേറ്റ് എന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് സെക്കൻഡിൽ ഒരു ജിബിയുടെ സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 2600 ഡോളറാണ് വാവേ മേറ്റ് X ന്റെ വില, ഏകദേശം 1,84,000 ഇന്ത്യൻ രൂപ. സാംസങ്ങിലേത് പോലെ ഒഎൽഇഡി സ്ക്രീനാണ് വാവേ മേറ്റ് Xലും ഉപയോഗിച്ചിരിക്കുന്നത്.

എൽജി വി50 തിൻക്യൂ

എൽജിയുടെ ആദ്യ 5 ജി ഫോണാണ് വി50 തിൻക്യൂ. ഒഎൽഇഡി സ്ക്രീനാണ് ഫോണിന്റേത്. ക്യൂവൽകോമിന്റെ എക്സ് 50 5ജി മോഡമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 6 ജിബി റാമിൽ എത്തുന്ന ഫോണിന്റെ ഇന്രേണൽ മെമ്മറി 128 ജിബിയാണ്. സ്ക്രീൻ സ്പെയിസ് കൂട്ടുന്നതിനായി ഒരു സെക്കൻഡറി സ്ക്രീനും കമ്പനി ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ചാണ്. ഇതോടൊപ്പം ഫോൺ കൂളായി നിലനിർത്താൻ ലിക്വിഡ് കൂളിങ് ചേമ്പറും ഫോണിന്റെ പ്രത്യേകതയാണ്. എന്നാൽ ഫോണിന്റെ വിലയും മറ്റ് വിവരങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ഷവോമി എംഐ മിക്സ് 3 5ജി

മൊബൈൽ ഫോൺ രംഗത്തെ ജനപ്രിയ നിർമ്മാതാക്കളായ ഷവോമിയും 5 ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഷവോമി എംഐ മിക്സ് 3 5ജിയാണ് ഷവോമി ലോക മൊബൈൽ കോൺഗ്രസിൽ അവതരിപ്പിച്ചത്. എഎംഒഎൽഇഡി ഫുൾഎച്ച് ഡി സ്ക്രീനാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3800എംഎഎച്ചാണ്. ലോക മൊബൈൽ കോൺഗ്രസിൽ ഫോണിന്റെ ഡെമോയാണ് കമ്പനി അവതരിപ്പിച്ചത്. ഈ വർഷം മെയിൽ തന്നെ ഫോൺ പുറത്തിറക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഏകദേശം 50000 രൂപയാണ് ഫോണിന്റെ വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook