സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലെല്ലാം ഇപ്പോൾ ചർച്ചയും സംവാദവും നടക്കുന്നത് ഓൺലൈനിലാണ്. ഈ സാഹചര്യത്തിൽ സൗജന്യ ഇന്റർനെറ്റ് സേവനം മനുഷ്യാവകാശമാക്കണമെന്ന പഠന റിപ്പോർട്ടുമായി ബെർമിങ് ഹാം യൂണിവേഴ്സിറ്റി. ചിലർക്ക് മാത്രം ഇന്റർനെറ്റ് ലഭ്യമാവുകയും മറ്റു ചിലർക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ പൗരന്മാർക്കും ലഭിക്കുന്ന മനുഷ്യാവകാശങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് ബർമിങ്ഹാം സർവകലാശാല ടീം പറയുന്നു.
കേരളം ഇന്റർനെറ്റ് ലഭ്യത മനുഷ്യാവകാശമായി കാണുകയും ഈ വർഷം അവസാനത്തോടെ 3.5 കോടി ജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
“ഇന്റർനെറ്റ് ലഭ്യത ഒരിക്കലും ഒരു ആഡംബരമല്ല. മറിച്ച് അതൊരു മനുഷ്യാവകാശമാണ്. അതുകൊണ്ട് ഇതിന്റെ നിരക്ക് താങ്ങാൻ കഴിയാത്തവർക്ക് സൗജന്യമായി നൽകണം,” പഠനത്തിന് നേതൃത്വം നൽകിയ ബെർമിങ്ഹാം യൂണിവേഴ്സ്റ്റിയിലെ അധ്യാപകൻ ഡോ.മെർട്ടൻ റെഗ്ലിറ്റ്സ് പറഞ്ഞു.
അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ഇന്റർനെറ്റെന്നും കോടിക്കണക്കിന് ആളുകൾക്ക് മാന്യമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള മാർഗമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.