ന്യൂഡൽഹി: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. എത്ര ദിവസത്തേക്കാണ് പ്രവർത്തനം നിർത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല.

ചൊവ്വാഴ്ച രാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 21 ദിവസത്തെ ലോക്ക്ഡൗൺ ആരംഭിച്ചത്. എന്നാൽ ഭക്ഷണം, അവശ്യസാധനങ്ങൾ വിൽക്കുന്ന ഇ-കോമേഴ്സ് സ്ഥാപനങ്ങൾക്ക് നിയന്ത്രണം ബാധകമല്ലായിരുന്നു. എന്നാൽ എല്ലാത്തരം സാധനങ്ങളും ലഭിക്കുന്ന ഫ്ലിപകാർട്ടും പ്രവർത്തനം നിർത്താൻ തീരുമാനിക്കുകയായിരുന്നു.

Also Read: ലഭ്യമാകുന്നതും നിരോധിച്ചതും: ലോക്ക്ഡൌണ്‍ കാലത്തെ വ്യവസ്ഥകള്‍

“എത്രയും വേഗം നിങ്ങൾക്ക് സേവനവുമായി ഞങ്ങൾ മടങ്ങിയെത്തും.” ഫ്ലിപ്കർട്ടിലെ സന്ദേശം ഇതാണ്. നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്ന ആമസോണിന്റെ പാൻട്രി സർവീസും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമല്ലെന്ന റിപ്പോർട്ടുകളുമുണ്ട്.

ഇ-കോമേഴ്സ് സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങളുടെ വരവ് കുറഞ്ഞതാണ് ഡെലിവറി അവസാനിപ്പിക്കുന്നതിന് കാരണമായി പല കമ്പനികളും പറയുന്നത്. ഒപ്പം ലോക്ക്ഡൗൺ മൂലം പല തൊഴിലാളികൾക്കും ജോലിക്കെത്താനും സാധിക്കുന്നില്ല.

വമ്പൻ കമ്പനികൾക്കൊപ്പം തന്നെ മരുന്നും പാലും വിതരണം ചെയ്യുന്ന ചെറിയ ഡെലിവറി കമ്പനികളെയും ലോക്ക്ഡൗൺ ബാധിച്ചിട്ടുണ്ട്. അതേസമയം ഡെലിവറി നടത്തുന്നവരെ മുംബൈ, ഡൽഹി നഗരങ്ങളിൽ പൊലീസ് മർദിച്ചതായും പരാതിയുണ്ട്. പാൽ വിതരണം ചെയ്യുന്ന മിൽക്ക് ബാസ്ക്കറ്റ് എന്ന കമ്പനി അധികാരികളുടെ പീഡനം മൂലം സർവീസ് തുടരാനാകുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു.

കമ്പനികൾ സർവീസ് നിർത്തിയതോടെ ആയിരകണക്കിന് തൊഴിലാളികളും പ്രതിസന്ധിയിലാണ്. മുപ്പതിനായിരത്തിലധികം ഡെലിവറി സ്റ്റാഫ് ഉൾപ്പടെ ഏകദേശം മുപ്പത്തായ്യായിരത്തിന് മുകളിൽ തൊഴിലാളികളാണ് ഫ്ലിപ്കാർട്ടിൽ മാത്രം ജോലി ചെയ്യുന്നത്. ആമസോണിൽ ഇത് അരലക്ഷത്തിന് മുകളിലാണ്. ഇന്ത്യയിലാകെ രണ്ട് ലക്ഷത്തോളം ഡെലിവറി തൊഴിലാളികളുണ്ടെന്നാണ് കണക്ക്.

Also Read: കോവിഡ്-19 ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങളുടെ ചരക്കുനീക്കം മാത്രമാണ് ഇക്കാലയളവിൽ നടക്കുക. സൂപ്പർ മാർക്കറ്റുകളിലും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു സമയം അഞ്ച് പേർക്ക് മാത്രമേ കടയ്ക്കുള്ളിൽ പ്രവേശിക്കാനാകു.

എന്നാൽ ജനങ്ങൾ ആശങ്കപ്പെടുന്നതുപോലെ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പു തരുന്നു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രമാണ് കടകൾ തുറക്കാൻ അനുമതിയുള്ളു. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook