ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് സൗജന്യമായി സ്മാർട്ഫോൺ ലഭ്യമാക്കുന്ന ഒരു സബ്സ്ക്രിപ്ഷൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. സ്മാർട്ട്പാക്ക് സബ്സ്ക്രിപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഏത് ബജറ്റ് ഫോൺ വേണമെങ്കിലും സൗജന്യമായി നേടാം. 12 മുതൽ 18 മാസത്തിനുള്ളിൽ അത് റിട്ടേൺ ചെയ്യുകയും ചെയ്യാവുന്നതാണ്. ജനുവരി 17 മുതൽ സ്മാർട്ട്പാക്ക് ലഭ്യമായി തുടങ്ങും.

Flipkart SmartPack: എങ്ങനെ ഒരു സ്മാർട്ഫോൺ സൗജന്യമായി വാങ്ങാം

സൗജന്യമായി ഒരു സ്മാർട്ഫോൺ സ്വന്തമാക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഇപ്പോൾ ഉപയോഗിക്കുന്ന ഫോണിൽ ഫ്ലിപ്കാർട്ട് ആപ്ലിക്കേഷൻ തുറക്കുക. ശേഷം വാങ്ങാനുദ്ദേശിക്കുന്ന ഫോൺ തിരഞ്ഞെടുക്കുക. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ‘Value Store’ എന്നൊരു ബാനർ കാണാം, ഇവിടെയാണ് ഫ്ലിപ്കാർട്ട് സ്മാർട്ട്പാക്ക് തിരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് വ്യത്യസ്ത പ്ലാനുകളായിരിക്കും ഉണ്ടാവുക, അതിൽ നിന്നുമാണ് ഒന്ന് തിരഞ്ഞെടുക്കേണ്ടത്.

Also Read: Samsung Galaxy S21 series: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വിലയും വിൽപ്പന വിശേഷങ്ങളും അറിയാം

ഓരോ പാക്കും യഥാക്രമം 60, 80, 100 ശതമാനം എന്നിങ്ങനെ ക്യാഷ് ബാക്ക് ഓഫർ ചെയ്യുന്നു. ഇതിന് പുറമെ ചില ഓടിടി പ്ലാറ്റ്ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാകും. തിരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ച് ഇതിലും വ്യത്യാസപ്പെടും.

പ്ലാൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ തുടക്കത്തിൽ എത്രയടയ്ക്കണമെന്നും മാസ അടവ് എത്രയാണെന്നും ഫ്ലിപ്കാർട്ട് വ്യക്തമാക്കും. നിങ്ങളുടെ വിവരങ്ങൾ സമർപ്പിച്ച് പ്ലാൻ സെലക്ട് ചെയ്തു കഴിഞ്ഞാൽ പൂർണമാകും.

സ്മാർട്ട്പാക്ക് സബ്സ്ക്രിപ്ഷൻ ഉൾപ്പടെ നിങ്ങൾ അടയ്ക്കുന്ന മുഴുവൻ തുകയും ഫോൺ തിരികെ കൊടുക്കുമ്പോൾ ഉപഭോക്താവിന് തിരികെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. തിരികെ ലഭിക്കുന്ന തുക നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്മാർട്പാക്ക് പ്ലാനിനനുസരിച്ചായിരിക്കും.

Flipkart SmartPack plans: ഫ്ലിപ്കാർട്ട് സ്മാർട്പാക്ക് പ്ലാനുകൾ

നേരത്തെ പറഞ്ഞതുപോലെ മൂന്ന് പ്ലാനുകളാണ് സ്മാർട്ട്പാക്കിൽ ഫ്ലിപ്കാർട്ട് അവതരിപ്പിച്ചിരിക്കുന്നത്. 879 രൂപയുടെ ഗോൾ പ്ലാനാണ് ഇതിൽ ഏറ്റവും ഉയർന്നത്. പ്രതിമാസം ഇത്തരത്തിൽ അടയ്ക്കുന്ന തുക, 12 മുതൽ 18 മാസത്തിന് ശേഷം ഉപയോഗിക്കാവുന്ന തരത്തിൽ ഫോൺ തിരികെ നൽകുമ്പോൾ നിങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം സോണി ലൈവ് പ്രീമിയം ഉൾപ്പടെ പത്ത് സർവീസുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. 20000 രൂപ വരെ വില വരുന്ന ഫോണുകൾ ഉപഭോക്താക്കൾക്ക് ഗോൾഡ് പ്ലാനിൽ സ്വന്തമാക്കാം.

Also Read: 89 രൂപയ്ക്ക് ഇനി അൺലിമിറ്റഡ് സിനിമ; മൊബൈൽ ഓൺലി വീഡിയോ പ്ലാനുമായി ആമസോൺ പ്രൈം

സിൽവർ പ്ലാനിൽ 699 രൂപയാണ് പ്രതിമാസം അടയ്ക്കേണ്ടത്. 80 ശതമാനമാണ് ഈ പ്ലാനിൽ ക്യാഷ് ബാക്ക്. 399 രൂപയ്ക്ക് ബ്രോൺസ് പാക്കേജും കമ്പനി അനുവദിച്ചിരിക്കുന്നു. ഇതിൽ 60 ശതമാനം ക്യാഷ് ബാക്കും ലഭിക്കും.

Flipkart SmartPack: നിബന്ധനകൾ

6000 മുതൽ 17000 രൂപ വരെ വില വരുന്ന ഫോണുകളാണ് ഫ്ലിപ്കാർട്ട് സ്മാർട്പാക്ക് സബ്സ്ക്രിപ്ഷനിൽ ഉപഭോക്താവിന് വാങ്ങാൻ സാധിക്കുന്നത്. റിയൽമീ, പോകോ, സാംസങ്, ഷവോമി റെഡ്മി, മോട്ടറോള, ഇൻഫിനിക്സ്, ഒപ്പോ, വിവോ എന്നീ ബ്രാൻഡുകളുടെ ഫോണുകൾ സ്വന്തമാക്കാം. എന്നാൽ തിരികെ നൽകുമ്പോൾ ഫോണിന് കേടുപാടുകൾ ഉണ്ടാകാൻ പാടില്ല. ഒരിക്കൽ പ്ലാൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അത് മാറ്റാനും സാധിക്കില്ല. തിരഞ്ഞെടുത്ത പിൻകോഡിൽ മാത്രമേ ഫ്ലിപ്കാർട്ട് സ്മാർട്പാക്ക് ലഭിക്കു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook