ബെംഗളൂരു: ഒരു കമ്പനിയുടെ സിഇഒ ആകുക എന്നത് ചില്ലറ കാര്യമൊന്നുമല്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു ദിവസം എങ്കിലും സിഇഒ ആകാൻ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. ഈ അപൂർവ അവസരം ജീവനക്കാർക്ക് നൽകിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഒറ്റ ദിവസം കമ്പനിയുടെ സിഇഒ ആകാനുളള അവസരമാണ് ഫ്ലിപ്കാർട്ട് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. കമ്പനിയുടെ 10-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ അപൂർവ അവസരം.

താൽപര്യമുളള ജീവനക്കാർ എന്തുകൊണ്ട് താൻ ഒരു സിഇഒ ആകാൻ ആഗ്രഹിക്കുന്നു എന്നുളളത് എഴുതി നൽകണം. ഇതിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്കാവും ഒരു ദിവസം ഫ്ലിപ്കാർട്ടിന്റെ സിഇഒ ആകാൻ അവസരം ലഭിക്കുക. നിലവിലെ ഫ്ലിപ്കാർട്ടിന്റെ സിഇഒ ആയ കല്യാൺ കൃഷ്ണമൂർത്തി ഒരു ദിവസം ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒറ്റ ദിവസം സിഇഒ ആകുന്ന വ്യക്തിക്കും ചെയ്യാം. കല്യാൺ പങ്കെടുക്കുന്ന എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കാം, സ്വന്തമായി തീരുമാനങ്ങൾ എടുക്കാം, കമ്പനിയിലെ എല്ലാവർക്കും ഇ-മെയിൽ അയയ്ക്കാം ഇവയ്ക്കുപുറമേ ഒരു ദിവസം മുഴുവൻ കല്യാൺ ആയി മാറാമെന്നും കമ്പനി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

ഇതിനോടകംതന്നെ 150 ലധികം പേർ സിഇഒ ആകാൻ താൽപര്യം പ്രകടിപ്പിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ”ഫ്ലിപ്കാർട്ടിൽ കഴിവുളള നിരവധി ജീവനക്കാരുണ്ട്. അവരുടെയൊക്കെ കഠിനാധ്വാനം കൊണ്ടാണ് കമ്പനി വളർന്നത്. കമ്പനിയുടെ 10-ാം വാർഷികത്തിൽ ജീവനക്കാർക്ക് സന്തോഷവും വ്യത്യസ്തമായൊരു വിനോദവും നൽകാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നും” കൃഷ്ണമൂർത്തി പറഞ്ഞതായി ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ