ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയായി കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ വന്‍ ഓഫറുകളുമായി രംഗത്തു വരുമെന്ന് സൂചന. ജൂലൈ 1 മുതല്‍ രാജ്യമാകെ ഒറ്റനികുതിക്ക് കീഴില്‍ വരുന്നതോടെ തങ്ങളുടെ 20,000 കോടി രൂപയുടെ സ്റ്റോക്കുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടം വരുമെന്ന ഭയത്താലാണ് തിരക്കിട്ട് വിറ്റുതീര്‍ക്കാനുള്ള ശ്രമം.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഫ്ലിപ്കാര്‍ട്ടും ആമസോണും നിരവധി ഓഫറുകളുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു. ജൂലൈ 1ന് മുമ്പ് സ്റ്റോക്കുള്ള ഉത്പന്നങ്ങള്‍ വിറ്റുതീര്‍ന്നില്ലെങ്കില്‍ തങ്ങള്‍ക്ക് വന്‍തോതിലുള്ള നഷ്ടമുണ്ടാകുമെന്നാണ് ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്. 40 ശതമാനത്തില്‍ നിന്നും 60 ആയി ഉയര്‍ത്തിയ ജിഎസ്ടി നികുതിഭാരം ഒഴിവാക്കണമെങ്കില്‍ നിയമം പ്രാബല്യത്തില്‍ വരും മുമ്പ് നിലവിലെ ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കണം.

വസ്ത്രങ്ങള്‍, ചെരുപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഘടകഭാഗങ്ങള്‍, വാച്ചുകള്‍, ലേഡീസ് ബാഗ്, തുകല്‍ ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയൊക്കെയാണ് തിരക്കിട്ട് വിറ്റുതീര്‍ക്കാന്‍ നോക്കുന്നത്.

പ്രത്യക്ഷത്തില്‍ ജിഎസ്ടി കാരണം ഉണ്ടാകുന്ന നഷ്ടം മുന്‍നിര്‍ത്താതെ പ്രത്യേക ഓഫറുകള്‍ ഇ കൊമേഴ്സ് വമ്പന്‍മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഫാദേഴ്സ് ഡേയുടെ മുന്നോടിയായി ഫ്ലിപ്കാര്‍ട്ട് ഇത്തരത്തില്‍ ഒരു ഓഫര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 16 ജിബി സ്റ്റോറേജ് കപ്പാസിറ്റി ഉള്ള ഐ ഫോണ്‍ 6 ഒരു പ്രത്യേക വിലയ്കക്കാണ് ഫ്ലിപ്കാര്‍ട്ട് വില്‍പനയ്ക്ക് എത്തിക്കുന്നത്.

2_,999 എന്നാണ് ഉത്പന്നത്തിന് വില പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 20,000 രൂപയ്ക്കും 20999 രൂപയ്ക്കും ഇടയില്‍ എത്ര രൂപ വേണമെങ്കിലും ആകാമെന്ന് ചുരുക്കം. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് ഈ ഓഫര്‍ നല്‍കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook