കൊച്ചി: ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓൺലൈൻ വഴി മൽസ്യം വിൽക്കാൻ തൊഴിലാളികൾക്കും മൽസ്യകർഷകർക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇ-കൊമേഴ്സ് വെബ്സൈറ്റിൽ ഇടനിലക്കാരെ ആശ്രയിക്കാതെ കച്ചവടമാകാം. ഇത് ജനകീയമാക്കാനാണ് മൊബൈൽ ആപ്. മൽസ്യത്തൊഴിലാളികളും കർഷകരും സ്വയം സഹായക സംഘങ്ങൾ രൂപീകരിച്ചാണ് പ്രവർത്തിക്കുക.
മറൈന്‍ ഫിഷ് എന്ന മൊബൈല്‍ ആപ്പും വെബ്സൈറ്റും വഴി മീന്‍ ഓര്‍ഡര്‍ ചെയ്യാം. കൃഷി ചെയ്യുന്ന കാളാഞ്ചി, കരിമീൻ, ചെമ്മീൻ, തിലാപ്പിയ, ചെമ്പല്ലി, മോത തുടങ്ങിയയ്ക്ക് പുറമേ കടൽ മൽസ്യങ്ങളും സംഘങ്ങൾ വഴി ഓൺലൈനിൽ ലഭ്യമാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തവയുമുണ്ട്. ആദ്യഘട്ടം കാഷ് ഓൺ ഡെലിവറി വിൽപനയാണ്. പിന്നീട് ഓൺലൈൻ പേമെന്റ് ആക്കും.
ആദ്യം എറണാകുളം ജില്ലയിലാണ് ബിസിനസ്. രണ്ടാഴ്ചയ്ക്കുള്ളിൽ തുടക്കമാകും. ലാഭവിഹിതം സ്വയംസഹായക സംഘങ്ങൾക്ക് പങ്കുവയ്ക്കാം. സംഘങ്ങൾ രൂപീകരിക്കുന്നതിന് സീനിയർ സയന്റിസ്റ്റ് ഡോ. എൻ.അശ്വതിയുടെ നേതൃത്വത്തിൽ സഹായം നൽകും. സിഎംഎഫ്ആർഐ വികസിപ്പിച്ച വെബ്സൈറ്റ് വഴി ഓൺലൈൻ മൽസ്യവിപണനം നടത്താൻ താൽപര്യമുള്ള മൽസ്യത്തൊഴിലാളികൾക്കും കർഷകർക്കും സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.