ഇന്ത്യയിൽ നിർമിച്ച ഫൗ-ജി ഗെയിം റിപ്പബ്ലിക് ദിനത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. ജനപ്രിയ ബാറ്റിൽ റൊയാൽ ഗെയിമായ പബ്‌‌ജി മൊബൈൽ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഫൗ-ജി ഗെയിം പ്രഖ്യാപിച്ചത്. എൻ‌കോർ‌ ഗെയിംസ് പുറത്തിറക്കുന്ന ഈ പുതിയ ഗെയിം ഇന്ത്യയിൽ‌ 24 മണിക്കൂറിനുള്ളിൽ‌ ഏറ്റവും കൂടുതൽ പ്രീ-രജിസ്ട്രേഷനുകൾ‌ (1.06 ദശലക്ഷം) നേടി ചരിത്രം സൃഷ്ടിച്ചു. ഇപ്പോൾ ഗെയിം ലോഞ്ചിന് മുമ്പായി നാല് ദശലക്ഷത്തിലധികം പ്രീ-രജിസ്ട്രേഷനുകൾ ഫൗ-ജിക്ക് ലഭിച്ചിട്ടുണ്ട്‌.

ഫൗ-ജി ഗെയിം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ അറിയാം:

  • ഗെയിം  ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാത്രമേ ഇത് പ്ലേ ചെയ്യാൻ കഴിയൂ. ഐഒഎസ് ഉപകരണങ്ങളിൽ ഉപയോഗിക്കാനാവില്ല.
  • ഗെയിം കളിക്കുന്നതിന് മുൻപായി നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വൈഫൈ കണക്ടഡ് ആണെന്നും, കുറഞ്ഞത് 20 ശതമാനം ചാർജുണ്ടെന്നും ഉറപ്പുവരുത്തണം. ഗെയിമിന്റെ ഫയൽ സൈസ് 460എംബി ആയതിനാൽ നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഇന്റേണൽ സ്റ്റോറേജിൽ അതിന് ആവശ്യമായ ഫ്രീ സ്പേസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • ആൻഡ്രോയിഡ് 8 ഓറിയോ പതിപ്പിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഗെയിം ഇൻസ്റ്റാൾ ചെയ്യാം. മൂന്ന് നാല് വർഷം മുമ്പ് പുറത്തിറങ്ങിയ ഉപകരണങ്ങളിലും ഗെയിം പ്ലേ ചെയ്യാനാകുമെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാൽ ഗെയിം കളിക്കാൻ നിങ്ങളുടെ ഫോണിിൽ കുറഞ്ഞത് 2 അല്ലെങ്കിൽ 3 ജിബി റാമെങ്കിലും ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിക്കുന്നു.
  • ഗെയിം നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ ലേഞ്ച് ചെയ്തു. മലയാളം, ബംഗാളി,ഭോജ്പുരി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളെ ഫൗ-ജി പിന്നീട് പിന്തുണയ്ക്കുമെന്ന് എൻകോർ ഗെയിംസ് സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഇത് ഒരു പബ്ജി ബദലാണെന്ന ധാരണയിലാണെങ്കിൽ, അങ്ങനെയല്ല. പബ്ജി നിരോധനത്തിന് മുമ്പുതന്നെ ഫൗ-ജി ഗെയിമിനായുള്ള ഡെവലപ്മെന്റ് നടന്നിരുന്നതായി നിർമാതാക്കളായ എൻകോർ ഗെയിംസ് അറിയിച്ചിരുന്നു.
  • ഗെയിമിന് ഇതുവരെ ഒരു ബാറ്റിൽ റൊയാൽ മോഡ് ഇല്ല. ഇത് സ്റ്റോറി മോഡിൽ പ്രവർത്തിക്കുന്നു. ഗാൽവാൻ വാലി എപ്പിസോഡ് ആദ്യത്തേതാണ്. ഗെയിമിന് ടീം ഡെത്ത്മാച്ചും ഉണ്ടായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook