അടുത്ത 48 മണിക്കൂറിൽ ആഗോളതലത്തിൽ ഇന്റർനെറ്റ് ബന്ധം തടസ്സപ്പെടുമെന്ന തരത്തിൽ നടന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഐസിഎഎൻഎൻ (ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്). ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റുന്ന നടപടികൾ പൂർത്തിയായി കഴിഞ്ഞു. അത് ഒരുതരത്തിലും ഇന്റർനെറ്റ് സേവനത്തെ ബാധിച്ചിട്ടില്ലെന്നും ഐസിഎഎൻഎൻ അധികൃതർ ഇന്ത്യൻ എക്സപ്രസ്സിനോട് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ മുതലാണ് അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. റഷ്യ ടുഡേ പുറത്തുവിട്ട വാർത്തയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അറിയിച്ചത്.

പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്‌വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമാണിതെന്നും ഐസിഎഎൻഎൻ അറിയിച്ചതായും വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ 99 ശതമാനം ഉപഭോക്താക്കളുടെയും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടട്ടില്ലെന്ന് ഐസിഎഎൻഎൻ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook