സോഷ്യല്‍ മീഡിയ വമ്പനായ ഫെയ്സ്ബുക്കിന്റെ ഏറ്റവും പുതിയ മൊബൈൽ ആപ്ലിക്കേഷനാണ് കൊളാബ്. പ്രമുഖ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കിനോട് വളരെയധികം സാമ്യമുള്ള ആപ്ലിക്കേഷനാണ് കൊളാബ്. നിലവിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ മാത്രമാണ് കൊളാബ് ലഭ്യമാകുന്നത്.
പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത വാദ്യോപകരണങ്ങൾ വായിക്കുന്നതിന്റെ വീഡിയോയും പാടുന്നതിന്റെ വീഡിയോയും ചേർത്തിണക്കി ഷോർട്ട് വീഡിയോ നിർമ്മിക്കാൻ സാധിക്കും. ഇതിന് ഉപയോക്താക്കൾക്ക് സംഗീതത്തിൽ യാതൊരു തരത്തിലുള്ള പരിചയസമ്പത്തിന്റെയും ആവശ്യമില്ല.
Read Also: രാജ്യത്തെ ഫോൺ നമ്പറുകൾ 11 അക്കമാക്കുന്നതിന് ട്രായ് ശുപാർശ
നിങ്ങൾ നിര്‍മ്മിക്കുന്ന കൊളാബ് ദൃശ്യം മറ്റുള്ളവർക്ക് കാണുന്ന തരത്തിൽ പബ്ലിഷ് ചെയ്യുന്നതോടൊപ്പം അവർക്കത് മിക്സ് ചെയ്യുന്നതിനും സാധിക്കും. ഫെയ്സ്ബുക്ക് ടിക്‌ടോക്കിനെ കോപ്പി ചെയ്യുന്നതാണോയെന്ന എന്ന സംശയമുണ്ടാകുമെങ്കിലും അല്ലാ എന്ന് പറയാൻ സാധിക്കും. കാരണം ഇത് പ്രധാനമായും സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലോകരാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ടിക്‌ടോക്കിന്റെ വളർച്ച ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള വമ്പന്മാരെ ഞെട്ടിച്ചിരുന്നു. 2016ൽ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും എത്തിയ ശേഷം ഇതുവരെ രണ്ട് ബില്യൺ ആളുകളാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. ഇന്ത്യയിൽ മാത്രം ഏകദേശം 200 മില്യൺ ആളുകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തുവെന്നും പ്രതിദിനം 120 മില്യൺ ആളുകൾ ടിക്ടോക് ഉപയോഗിക്കുന്നുവെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.