ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിൽ ആശങ്കകളൊഴിവാക്കാൻ ഫെയ്‌സ്ബുക്ക് ശ്രമം തുടങ്ങി. കേംബ്രിഡ്‌ജ് അനലിറ്റിക്ക ചോർത്തിയ വിവരങ്ങൾ ആരുടേതൊക്കെയാണെന്ന് വേഗത്തിൽ ഉപഭോക്താക്കളെ അറിയിക്കാനാണ് ശ്രമം.

ഇത് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളെ നേരിട്ട് ഫെയ്‌സ്ബുക്ക് അറിയിക്കും. ന്യൂസ്‌ഫീഡിൽ നോട്ടിഫിക്കേഷൻ ലഭിക്കുമെന്നാണ് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. 87 ദശലക്ഷം വ്യക്തികളുടെ വിവരങ്ങളാണ് കേംബ്രി‌ഡ്ജ് അനലിറ്റിക്ക ചോർത്തിയത്. ഇതിൽ 70 ശതമാനവും അമേരിക്കയിലാണെന്ന് ഫെയ്‌സ്ബുക്ക് കണ്ടെത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക് അനുബന്ധ ആപ്ലിക്കേഷനുകൾ, ഇതിൽ ഉപഭോക്താക്കളുടെ എന്തൊക്കെ വിവരങ്ങളാണ് ഉളളത് തുടങ്ങിയ കാര്യങ്ങൾ ഫെയ്‌സ്ബുക്ക് അറിയിക്കും. വേണമെങ്കിൽ ആപ്ലിക്കേഷൻ ഒഴിവാക്കാനും അല്ലെങ്കിൽ ആപ്ലിക്കേഷനിലെ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കാണാൻ സാധിക്കാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കാനുമാവും.

ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വ്യക്തിവിവരങ്ങൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യത ആകെ തകർന്നിരിക്കുന്ന സ്ഥിതിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ