തെറ്റായ വാര്‍ത്തകളുടേയും വസ്തുതകളുടേയും പ്രാചരണം അവസാനിപ്പിക്കാന്‍ പുതിയ നടപടിയുമായി സമൂഹ മാധ്യമമായ ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ ഫാക്ട് ചെക്കര്‍ സിസ്റ്റം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഇനിമുതല്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ നിങ്ങള്‍ ലൈക്ക് ചെയ്യുകയാണെങ്കില്‍ ഫെയ്സ്ബുക്ക് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും.
ഇത്തരം പേജുകളിലേക്ക് ഉപയോക്താക്കള്‍ കടക്കുന്നതിന് മുന്‍പ് തന്നെ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയിക്കും. മുന്നറിയിപ്പിന് ശേഷവും നിങ്ങള്‍ക്ക് വീണ്ടും പിന്തുടരണമോ വേണ്ടയോ എന്ന് ചോദിക്കും. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിഗത ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്കുള്ള പിഴയും വര്‍ധിപ്പിക്കും.
”ഉപയോക്താക്കള്‍ ഇടപെടുന്ന കണ്ടന്റ് തെറ്റായവയാണെന്ന് അറിയിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുകയാണ്. തെറ്റായ വിവരങ്ങൾ പങ്കിടുന്ന പേജുകൾ, ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവയ്ക്കെതിരെ ഞങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു. ഇനിമുതല്‍ ഇത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് വലിയ പിഴ ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ്,” കമ്പനിയുടെ ബ്ലോഗില്‍ വ്യക്തമാക്കുന്നു.
വസ്തുതാവിരുദ്ധമായ പോസ്റ്റുകള്‍ നിരന്തരം ഷെയര്‍ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ വരുന്ന പോസ്റ്റുകളുടെ എണ്ണവും കുറയും. തിരുത്തല്‍ നടത്തുന്ന പോസ്റ്റുകളുടെ പ്രചാരണ വ്യാപ്തി ഇതിനോടകം തന്നെ കുറച്ചിട്ടുണ്ട്, ഫെയ്സ്ബുക്ക് അധികൃതര്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ അവരുടെ ന്യൂസ് ഫീഡില്‍ ഏറ്റവും അവസാനമായിരിക്കും ഇത്തരം പോസ്റ്റുകള്‍ ഉണ്ടാവുക. കൂടുതല്‍ ആളുകളിലേക്ക് പ്രചരിക്കാതിരിക്കാനാണിത്.