‘നിയർബൈ ഫ്രണ്ട്സ്, കാലാവസ്ഥാ മുന്നറിയിപ്പ്, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ ലൊക്കേഷൻ അധിഷ്ഠിത സംവിധാനങ്ങൾ അടുത്ത മാസം മുതൽ ഫെയ്സ്ബുക്കിൽ കാണില്ലെന്ന് റിപ്പോർട്ട്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഈ ഫീച്ചറുകളുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടെ ഫെയ്സ്ബുക്ക് അവരുടെ സെർവറിൽ നിന്ന് നീക്കുമെന്നാണ് വിവരം. ‘9ടു5മാക്’ എന്ന വെബ്സൈറ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
ഈ സംവിധാനങ്ങൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ആപ്പുകൾ നോട്ടിഫിക്കേഷൻ ലഭ്യമാകുന്നുണ്ട്. നിലവിലെ ലൊക്കേഷൻ ഫെയ്സ്ബുക്ക് സുഹൃത്തുകൾക്ക് പങ്കുവെക്കാവുന്ന സംവിധാനമാണ് ”നിയർബൈ ഫ്രണ്ട്സ്’ (Nearby friends).
2022 ഓഗസ്റ്റ് ഒന്ന് വരെ ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ ഡേറ്റയും ലൊക്കേഷൻ ഹിസ്റ്ററിയും ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ഇതിന് ശേഷം ഇവർ സെർവറിൽ നിന്ന് പൂർണമായി നീക്കം ചെയ്യും.
ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ കാരണം ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാകാം ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് മനസിലാകുന്നത്. ഫെയ്സ്ബുക്കിന്റെ ഡേറ്റ ശേഖരണം സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് എതിർപ്പുകളും വിമർശനങ്ങളും ഉയർന്നിട്ടുള്ളതും ഇത് തന്നെയാവാം കാരണമെന്ന സംശയം ബലപ്പെടുത്തുന്നു.
ഈ വർഷം ഫെബ്രുവരിയിൽ, യുഎസിന് ഡേറ്റ കൈമാറാൻ അനുവദിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്യുമെന്ന് മെറ്റ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഡേറ്റ കൈമാറ്റം നിർത്തണമെന്ന് യൂറോപ്യൻ യൂണിയൻ ഫെയ്സ്ബുക്കിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നായിരുന്നു ഈ നീക്കം.
യൂറോപ്യൻ യൂണിയൻ ഏപ്രിലിൽ അവരുടെ ഡിജിറ്റൽ സർവീസ് ആക്ട് ഭേദഗതി ചെയ്തിരുന്നു. ഇത് ഗൂഗിൾ ഫെയ്സ്ബുക്ക് പോലുള്ള ടെക് ഭീമൻമാർ ഉപയോക്തൃ ഡേറ്റ ഉപയോഗിക്കുന്നതിൽ ചില നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Also Read: സ്മാർട്ട്ഫോൺ വാങ്ങുമ്പോഴുള്ള അഞ്ച് തെറ്റുകൾ മറികടക്കാം