ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ, സമൂഹമാധ്യമങ്ങളിൽ കൈക്കൊണ്ടിരിക്കുന്ന സുരക്ഷാ നടപടികൾ ഫെയ്സ്ബുക്ക് അധികൃതർ വിശദീകരിക്കും. മാർച്ച് ആറിന് പാർലമെന്ററി സമിതിക്ക് മുന്നിലാണ് ഫെയ്സ്ബുക് അധികൃതർ തങ്ങളൊരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ വിശദീകരിക്കുന്നത്.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുളളതാണ് വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ. ഇവയെ പ്രതിനിധീകരിച്ച് ഫെയ്സ്ബുക്കിന്റെ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ജോയൽ ക്ലാപ്പനാണ് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാവുക.

ഫെയ്‌സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍, പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് എന്നിവരും സംഘത്തിലുണ്ടാകും. സമൂഹമാധ്യമങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ നീക്കം.

പാര്‍ലമെന്റ് സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ലഭിച്ച അവസരം വിലമതിക്കുന്നതായി ഫെയ്‌സ്ബുക്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വ്യാജവാർത്തകൾ ചെറുക്കുക, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിലും, ഉപഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരിക തുടങ്ങി ഗുരുതരമായ വിഷയങ്ങളാണ് പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook