scorecardresearch

ഇനി ഫേക്ക് ഐഡി ഉണ്ടാക്കാൻ കഷ്ടപ്പെടേണ്ട; അഞ്ച് പ്രൊഫൈലുകൾ വരെ ഒറ്റ അക്കൗണ്ടിൽ ചേർക്കാവുന്ന ഫീച്ചറുമായി ഫെയ്‌സ്‌ബുക്ക്‌

ചില രാജ്യങ്ങളിൽ കമ്പനി ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് മെറ്റ വക്താവ് പറഞ്ഞു

Facebook, Facebook latest news

ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ. ഒരു ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിൽ അഞ്ച് പ്രൊഫൈലുകൾ വരെ ചേർക്കാവുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. ഫെയ്‌സ്‌ബുക്ക്‌ തുടക്കം മുതൽ നിലനിർത്തിയിരുന്ന എല്ലാ ഉപയോക്താക്കളും യഥാർത്ഥ പേര് ഉപയോഗിക്കണം എന്ന പോളിസിയിൽ നിന്ന് വ്യതിചലിക്കുന്നതാണ് ഈ പുതിയ തീരുമാനം. വ്യാഴാഴ്ചയാണ് മെറ്റ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഓരോ വ്യക്തികളുടെയും താൽപ്പര്യങ്ങളും അടുപ്പങ്ങളും ബന്ധങ്ങളും അടിസ്ഥാനമാക്കി പ്രൊഫെലുകൾ ക്രമീകരിക്കാൻ കഴിയുമെന്ന് മെറ്റ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഒരു ഉപയോക്താവിന് യഥാർത്ഥ പേരിൽ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ എന്ന നിയമം തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത ശേഷമാകും അതുവഴി എടുത്തിട്ടുള്ള മറ്റു പ്രൊഫൈലുകളിൽ കേറാൻ സാധിക്കുക.

ഈ മാറ്റം ഉപയോക്താക്കൾക്ക് അവരുടെ ഐഡന്റിറ്റി അജ്ഞാതമാക്കാൻ അവസരം നൽകുന്നതാണ്, ടിക്‌ടോക്ക്, ട്വിറ്റർ എന്നിവയും മെറ്റയുടെ സ്വന്തം ഫോട്ടോ, വീഡിയോ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമും നൽകുന്ന ഓപ്‌ഷനുകൾക്ക് സമാനമാണ് ഇത്.

അതേസമയം, ആൾമാറാട്ടത്തിനും തെറ്റിദ്ധരിപ്പിക്കുന്ന ഐഡന്റിറ്റി ഉണ്ടാകുന്നതിനും എതിരായ തങ്ങളുടെ നിയമങ്ങൾ എല്ലാ പ്രൊഫൈലുകൾക്കും ബാധകമായി തുടരുമെന്ന് മെറ്റ അവരുടെ പ്രസ്താവനയിൽ പറയുന്നു.

ചില രാജ്യങ്ങളിൽ കമ്പനി ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് മെറ്റ വക്താവ് പറഞ്ഞു, എന്നാൽ ഏതൊക്കെ രാജ്യങ്ങളാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Facebook to allow up to five profiles tied to one account