ലണ്ടന്‍: ഫെയ്സ്ബുക്കില്‍ പുതുതായി ചേരുന്ന കൗമാരക്കാരികള്‍ക്ക് മധ്യവയസ്കരെ സജസ്റ്റ് ചെയ്ത് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിക്കുന്നതായി റിപ്പോര്‍ട്ട്. ടെലഗ്രാഫാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 13 വയസ് മുതലുളള കൗമാരക്കാരികള്‍ക്ക് 300ല്‍ അധികം മധ്യവയസ്കരുടെ അക്കൗണ്ടുകളാണ് ഫെയ്സ്ബുക്ക് നിർദ്ദേശമായി കാണിക്കുന്നതെന്നാണ് ടെലഗ്രാഫ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ മേല്‍വസ്ത്രമില്ലാത്ത പ്രൊഫൈല്‍ ചിത്രമുളള പുരുഷന്മാരുടെ അക്കൗണ്ടുകളും ഉളളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സുഹൃത്തുക്കളെ നിർദ്ദേശിക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്. എന്നാല്‍ ഫെയ്സ്ബുക്കിനെതിരെ ബ്രിട്ടനിലെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന ചാരിറ്റി സ്ഥാപനമായ എന്‍എസ്‌പിസിസി രംഗത്ത് വന്നു. കുട്ടികള്‍ക്ക് ഫെയ്സ്ബുക്കില്‍ അപരിചിതരെ സുഹൃത്താക്കാനുളള ഫ്രണ്ട് സജെഷന്‍ നിര്‍ത്തലാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അതേസമയം, പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് സൗഹൃദ ഗ്രൂപ്പുകളിലേക്ക് ഇത്തരക്കാര്‍ നുഴഞ്ഞുകയറി ലൈംഗികചൂഷണത്തിന് ഇരയാക്കുന്ന പ്രവണത കണ്ട് വരുന്നുണ്ടെന്നും സംഘടന ആരോപിച്ചു.

ഒരു കുട്ടിയെ സുഹൃത്താക്കിയ ആള്‍ക്ക് ആ കുട്ടിയുടെ മറ്റ് സുഹൃത്തുക്കളെ കൂടി ഫെയ്സ്ബുക്ക് സജെഷനിലൂടെ കാണിച്ച് കൊടുക്കുന്നു. ഇത് കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുകയും ചൂഷണത്തിന് ഇരയാവുന്നതിലേക്ക് നയിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കുട്ടികളെ ഫെയ്സ്ബുക്കില്‍ നന്നായി സംരക്ഷിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ