ഫെയ്സ്ബുക്ക് പേജുകളിൽ ഇനി മുതൽ ത്രസിപ്പിക്കുന്ന സംഗീത വേദികളുണരും. ലോകത്തിലെ ഏറ്റവും പ്രമുഖ സംഗീത ലേബൽ ആയ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായി ഫെയ്സ്ബുക്ക് പുതിയ കരാറിലെത്തി. ലോക സംഗീത രംഗത്തെ നമ്പർ വൺ താരങ്ങളും തരംഗമാകുന്ന സംഗീതവും ഫെയ്സ്ബുക്ക് വഴി നിറഞ്ഞൊഴുകാൻ കാല താമസം ഉണ്ടാവില്ല.

പുതിയ കരാർ വഴി ഫെയ്സ്ബുക്കും യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനും കൂടിയാണ് പരിഹാരമാകുന്നത്. ഫെയ്സ്ബുക്കിലൂടെ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ടെയ്‌ലർ സ്വിഫ്റ്റ് അടക്കമുള്ള ഗായകരുടെ സൃഷ്ടിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ഇൻസ്റ്റാഗ്രാം, ഒക്കുലസ്, വിർച്വൽ റിയാലിറ്റി ടെക്നോളജി തുടങ്ങി സമൂഹ മാധ്യമ സ്ഥാപനങ്ങളുമായും ഗ്രൂപ്പിന്റെ കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സൽ ഗ്രൂപ്പ് തങ്ങളുടെ ജനസമ്മിതി ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്.

യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായി ഡീൽ ഉറപ്പിച്ചതോടെ യു ട്യൂബുമായി നേരിട്ടൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഫെയ്സ്ബുക്ക്. ഉപഭോക്താക്കളുടെ കൂടുതൽ ‘ഹിറ്റി’നായി കടുത്ത മൽസരമായിരിക്കും സാങ്കേതിക രംഗത്തെ രണ്ടു ഭീമന്മാരും തമ്മിൽ നടക്കാൻ പോകുന്നത്. പുതിയ കരാറോടെ ഉപഭോക്താക്കൾക്ക് വ്യത്യസ്ത ആസ്വാദന തലങ്ങളൊരുക്കാൻ ഫെയ്സ്ബുക്കിനു കഴിയും.

സംഗീത രംഗത്തെ വിപ്ലവകരമായ പരീക്ഷണങ്ങളുടെയും പുതിയ താരോദയങ്ങളുടെയും വേദി ഇന്ന് യുട്യൂബ് ആയ സാഹചര്യത്തിൽ ഫെയ്സ്ബുക്കുമായി കരാറിലേർപ്പെടുന്നത് വഴി സംഗീത കമ്പനികൾക്ക് യു ട്യൂബിനുമേൽ സമ്മർദ്ദം ശക്തമാക്കാൻ കഴിഞ്ഞേക്കും.

വിവെന്തിയുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായും, സോണി മ്യൂസിക് എന്റർടൈൻമെന്റുമായും ഗൂഗിളിന്റെ സംഗീത സൈറ്റ് നീണ്ടകാലത്തേക്കാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോപ്പി റൈറ്റുള്ള സംഗീതവും വിഡിയോയും അപ്‌ലോഡ് ചെയ്യുന്നതിനെതിരെ ശക്തമായ നിരീക്ഷണ സംവിധാനം ഗൂഗിളിന്റെ ഭാഗത്തു നിന്നുണ്ടാവും എന്ന് തീർച്ചയാണ്.

ഫെയ്സ്ബുക്ക് വഴി സംഗീത വിഡിയോകൾ കാണുന്നത് വർധിച്ചത് സംഗീത കമ്പനികൾക്ക് വലിയ ഒരടിയായിരുന്നു നാളിതുവരെ. ഒരു നഷ്ടപരിഹാരവും കമ്പനികൾക്ക് ലഭിച്ചിരുന്നില്ലെന്നു പ്രമുഖ കമ്പനികളുടെ വക്താക്കൾ പറയുന്നു. ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള പുതിയ നീക്കം പ്രതീക്ഷ നൽകുന്നതാണെന്ന് ഇവർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ