ന്യൂഡൽഹി:  അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിനെ പ്രതിസ്ഥാനത്താക്കി ഉയർന്നുവന്ന വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കാനുളള കഠിനാധ്വാനത്തിലാണ് ഫെയ്‌സ്ബുക് ഇപ്പോൾ.

എന്നാൽ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യങ്ങൾ വഴി വ്യാജവാർത്തകൾ  കാട്ടുതീ പോലെയാണ് പടരുന്നത്. അതിന്റെ പേരിൽ അക്രമങ്ങൾ പടരുന്നതും കൊലപാതകങ്ങൾ നടക്കുന്നതും ഇന്ത്യയിൽ നിത്യസംഭവമായി മാറിക്കഴിഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടതോടെ ഫെയ്സ്ബുക്കിന് മുന്നിൽ വലിയ വെല്ലുവിളിയാണുളളത്. വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിന് പുറമെ, ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം വിജയത്തിനോ പരാജയത്തിനോ കാരണമാകുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ മാറരുത്.

വിദ്വേഷം പ്രചരിപ്പിക്കുന്നതും തെറ്റായ വിവരങ്ങൾ സംവേദനം ചെയ്യുന്നതും പ്രതിരോധിക്കാനുളള ശ്രമകരമായ ദൗത്യമാണ് ഇന്ത്യയിൽ ഫെയ്‌സ്ബുക്ക് നടത്തുന്നത്. 20000 ത്തോളം പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിക്കാതിരിക്കാനാണ് ശ്രദ്ധ ചെലുത്തുക.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ വമ്പന്മാരായ ഫെയ്സ്ബുക്ക് ഇന്ത്യയിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങുന്നത്.

രാഷ്ട്രീയ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും സുതാര്യത ഉറപ്പാക്കുന്ന തരത്തിലുളള പുതിയ പതിപ്പിലേക്കാണ് കമ്പനി മാറാൻ ഉദ്ദേശിക്കുന്നത്. ആഗോളതലത്തിൽ പലയിടത്തും ഇത്തരത്തിലാണ് ഫെയ്സ്ബുക്ക് പ്രവർത്തിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്ക് ഇടപെടൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വിദേശികളടക്കം ഫെയ്സ്ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നായിരുന്നു ഫെയ്സ്ബുക്കിനെതിരായ ആക്ഷേപം.

2018 മെയ് മുതൽ കടുത്ത നിയന്ത്രണമാണ് ഫെയ്സ്ബുക്കിൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അനുമതിയോടുകൂടി മാത്രമേ ഇത്തരത്തിൽ പ്രചാരണം നടത്താനാകൂ, കൂടാതെ വരുമാന ശ്രോതസ്സും വ്യക്തമാക്കണം.

നിലവിൽ അമേരിക്കയിലും ബ്രസീലിലുമാണ് ഇത്തരത്തിൽ ഫെയ്സ്ബുക്ക് നിയന്ത്രണമുള്ളത്. ഇന്ത്യയിലും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സുതാര്യത വരുത്താൻ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത് ഫെയ്സ്ബുക്ക് വൈസ് പ്രസിഡന്റ് റിച്ചാർഡ് അലനാണ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം.

‘തിരഞ്ഞെടുപ്പുകളിൽ നമുക്കൊരു പെരുമാറ്റ സംഹിതയുണ്ട്. ഫെയ്സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്ഫോം സ്വതന്ത്രവും നീതിയുക്തവും ആകണം. പക്ഷെ അത് ജനങ്ങൾ ദുരുപയോഗം ചെയ്യാൻ ഇടവരുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല’, റിച്ചാർഡ് അലൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook