ബ്ലൂംബര്‍ഗ്: ഫെയ്സ്ബുക്ക് പേര് മാറ്റാന്‍ ഒരുങ്ങുന്നു. മെറ്റവേഴ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പുതിയ പേര് എന്നാണ് സൂചന. കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും ഫെയ്സ്ബുക്ക് പുറത്തിറക്കിയിട്ടില്ല.
ഫെയ്സ്ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് സക്കർബർഗ് ഒക്ടോബർ 28 ന് നടക്കുന്ന കണക്ട് കോൺഫറൻസിൽ കമ്പനിയുടെ പേര് മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ദി വേര്‍ജ് റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്ക് ആപ്പും സേവനങ്ങളും മാറ്റമില്ലാതെ തുടർന്നേക്കാം. വാട്സാപ്പും, ഇന്‍സ്റ്റഗ്രാമും അടക്കമുള്ള ആപ്പുകള്‍ ഒരു മാതൃ കമ്പനിയുടെ കീഴില്‍ വരുന്ന തരത്തിലായിരിക്കും മാറ്റം.
ഫെയ്സ്ബുക്കിന്റെ ഭാവി മെറ്റാവേഴ്സ് ആശയത്തിലാണെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കൾ വെർച്വൽ യൂണിവേഴ്സിന് പുറത്ത് പോകാതെ തന്നെ ജീവിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന ആശയമാണിത്. കമ്പനിയുടെ ഒക്കുലസ് വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളും സേവനവും പ്രസ്തുത ആശയം സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായകമാണ്.
നിയമ സംവിധാനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ റീബ്രാൻഡിങ് വരുന്നത്. ഫെയ്സ്ബുക്കിന്റെ കണ്ടന്റുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ചും കമ്പനിയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ആപ്പ് മൂലം ഉണ്ടാകുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ചും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.