ന്യൂയോർക്ക്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്കിൽ ഗുരുതര സുരക്ഷാവീഴ്‌ച. മൂന്ന് കോടിയോളം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫെയ്സ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ഒരാളില്‍ നിന്നും മറ്റൊരാളിലെ കടക്കുന്ന ഓട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്.

തങ്ങളുടെ പ്രൊഫൈൽ ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് മനസിലാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും ഫേസ്ബുക്ക് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. ഹാക്ക് ചെയ്യപ്പെട്ടവര്‍ക്ക് ഫെയ്സ്ബുക്ക് സന്ദേശം അയക്കും. ഏത് തരത്തിലുളള വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കും.

1.4 കോടി ഉപയോക്താക്കളുടെ ജനനത്തീയതി, ജോലി ചെയ്യുന്ന സ്ഥലം, വിദ്യാഭ്യാസം നടത്തിയതിന്റെ വിവരങ്ങള്‍, മത സംബന്ധമായ വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസ്, ഫോളോ ചെയ്യുന്ന പേജുകള്‍, സെര്‍ച്ച് ഹിസ്റ്ററി. ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയൊക്കെയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. 1.5 കോടി ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയൊക്കെയാണ് ഹാക്കര്‍മാര്‍ കരസ്ഥമാക്കിയത്.

ഫെയ്സ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച്ചയിലൂടെ സ്‌പെഷ്യൽ ഡിജിറ്റൽ കീ വിവരങ്ങൾ കരസ്ഥമാക്കിയ ഹാക്കർമാർ പാസ്‌വേഡ് വീണ്ടും നൽകാതെ തന്നെ ആളുകളുടെ അക്കൗണ്ടിൽ കയറി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ്‌ കമ്പനി നൽകുന്ന വിശദീകരണം. ആദ്യഘട്ടത്തിൽ 5 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഏകദേശം 2.9 കോടി ആളുകളുടെ വ്യക്തിവിവരങ്ങളാണ് ചോർത്തപ്പെട്ടതെന്ന് മനസിലായത്. നിലവിൽ ഫെയ്സ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്‌ച പരിഹരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook