ഫെയ്സ്ബുക്കിന്റെ പ്രമുഖ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ മൊമന്റ്സ് പ്രവർത്തനം നിർത്താനൊരുങ്ങുന്നു. ഉപഭോക്താക്കളില്ലാത്തതിനാലാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം നിർത്താൻ കമ്പനി ഒരുങ്ങുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.
ആളുകൾക്ക് അവരുടെ ചിത്രങ്ങൾ പങ്കുവയ്ക്കാനും സൂക്ഷിച്ച് വയ്ക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമായി രൂപപ്പെടുത്തിയ മൊമന്റ്സ് ആപ്ലിക്കേഷന് നൽകിയിരുന്ന എല്ലാ പിന്തുണയും അവസാനിപ്പിക്കുകയാണെന്ന് പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടർ ഋഷഭ് ദോഷി പറഞ്ഞു.
2015ലാണ് ഫെയ്സ്ബുക്ക് മൊമന്റ്സ് ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്. ഫെയ്സ്ബുക്കിൽ ഫോട്ടോസ് അപ്ലോഡ് ചെയ്യാതെ തന്നെ സുഹൃത്തുകളുമൊത്ത് ഫോട്ടോസ് പങ്കുവയ്ക്കുന്നതിനും സൂക്ഷിച്ചുവയ്ക്കുന്നതിനും മൊമന്റ്സ് ആപ്ലിക്കേഷനിലൂടെ സാധിച്ചിരുന്നു. ഫെബ്രുവരി 25 മുതൽ ആപ്ലിക്കേഷൻ ഡൗൺലോഡ് സാധിക്കുകയില്ല. ഔദ്യോഗികമായി പ്രവർത്തനം നിർത്തുന്നതിന് മുമ്പ് ആപ്ലിക്കേഷനിലുള്ള ഫോട്ടോകൾ കംമ്പ്യൂട്ടറിലേക്ക് മാറ്റുന്നതിനുള്ള സമയമുണ്ടായിരിക്കും. ഫെയ്സ്ബുക്ക് ഫോട്ടോ ആൽബമായും ഇത് മാറ്റാവുന്നതാണ്.
പ്രവർത്തനം നിർത്തുന്ന കാര്യം ഔദ്യോഗികമായി മൊമന്റ്സ് ആപ്ലിക്കേഷൻ ഉപഭോക്താക്കളെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഫെയ്സ്ബുക്കിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് നൽകും.