ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക രംഗത്ത് കൂടുതൽ കരുത്തോടെ ഇന്ത്യാക്കാർക്ക് മുന്നേറാൻ സാധിക്കുന്ന വിധം പുതിയ പരിശീലന പദ്ധതികളുമായി ഫെയ്സ്ബുക്ക്. ഡിജിറ്റൽ പരിശീലനം, സ്റ്റാർട്ട്അപ്പ് പരിശീലനം എന്നീ പദ്ധതികളുടെ പ്രഖ്യാപനമാണ് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

2020 നുള്ളിൽ 50 ലക്ഷം ഇന്ത്യാക്കാർക്ക് പരിശീലനം നൽകാനാണ് ഫെയ്സ്ബുക്കിന്റെ ശ്രമം. ഓൺലൈനായാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. തങ്ങളുടെ ആശയങ്ങൾ എങ്ങിനെ സുരക്ഷിതമാക്കണം, എങ്ങിനെ ആളുകളെ എടുക്കണം, മൂലധനത്തിനായി എന്തൊക്കെ ചെയ്യാം, നിയമതടസങ്ങൾ എന്തൊക്കെയാണ്, ഓൺലൈൻ രംഗത്ത് പേരെടുക്കുന്നതെങ്ങിനെ, എന്ന് തുടങ്ങി ഈ രംഗത്ത് ഏറ്റവും അത്യാവശ്യമായ ഏറെ കാര്യങ്ങൾ ഫെയ്സ്ബുക്ക് പറഞ്ഞുകൊടുക്കും.

വിദ്യാർത്ഥികളും ബിസിനസ് സംരംഭകരുമടക്കം ആർക്കും ഫെയ്സ്ബുക്കിന്റെ പരിശീലന പരിപാടിയിൽ നിന്ന് അറിവ് നേടാം.

ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് ഓൺലൈനിലെ വിപണന സാധ്യത മനസിലാക്കി കൊടുക്കാനാണ് ഫെയ്സ്ബുക്കിന്റെ ശ്രമം. 2011 മുതൽ ഇതുവരെ 100 കോടിയാണ് ഫെയ്സ്ബുക്ക് ചെറുകിട സംരംഭങ്ങളിൽ മുതൽമുടക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ